കോഴിക്കോട് സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനായില്ല; പതിമൂന്ന്കാരൻ പുറത്തു കടന്നത് കേബിൾ ലൈനിൽ പിടിച്ചിറങ്ങി
കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് കാണാതായത്. 5 ദിവസം മുമ്പാണ് ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടി പുറത്തുപോയത്.
ഹോസ്റ്റലിൽ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
മൊബൈൽ ഫോൺ കയ്യിൽ ഇല്ല. അതേസമയം കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.