മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു


തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും രാജി വെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി വെച്ചത്. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാര്‍. 29ന് ഇരുവരും സത്യപ്രതിജ്ഞ ചെയ്യും.

‘പൂര്‍ണ സംതൃപ്തിയോടെയാണ് കാലാവാധി പൂര്‍ത്തിയാക്കിയതെന്നും പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും’ അഹമ്മദ് ദേവകോവില്‍ പ്രതികരിച്ചു. മന്ത്രി ആക്കിയത് എല്‍ഡിഎഫ് ആണെന്നും എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

‘രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാര്‍ത്ഥനയക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു. രണ്ടരവര്‍ഷം മന്ത്രിയായിരിക്കാനായിരുന്നു എല്‍ഡിഎഫ് ധാരണ. കഴിഞ്ഞ 19ന് തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എല്‍ഡിഎഫും നിര്‍ദ്ദേശിച്ചത്. ഇന്നലെ നവകേരളസദസിന്റെ സമാപനമായിരുന്നു. ചരിത്ര മുഹൂര്‍ത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണ് നല്‍കിയത്. മുഖ്യമന്ത്രിയെ ഇന്ന് രാവിലെ കണ്ടു. രാജി സമര്‍പ്പിച്ചു- ആന്റണി രാജു പറഞ്ഞു.

‘കെഎസ്ആര്‍ടിസി ഉള്‍പ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്. ശമ്പളം പൂര്‍ണമായി മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടുശ്ശിക ഇല്ലാതെയാണ് രാജിക്കത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്നതില്‍ ചാരിതാര്‍ഥ്യമുണ്ടന്നും’ അദ്ധേഹം പറഞ്ഞു.