‘ഞങ്ങള്‍ക്കൊരു ഊഞ്ഞാല്‍ വേണം’; വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ ആവശ്യം ഉടനടി നിറവേറ്റി മന്ത്രി വീണാ ജോര്‍ജ്ജ്
കോഴിക്കോട്: ‘ഞങ്ങള്‍ക്കൊരു ഊഞ്ഞാല്‍ വേണം.’ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കുകയായിരുന്ന വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് മുന്നില്‍ കുരുന്നുകള്‍ തങ്ങളുടെ ആവശ്യം അറിയിച്ചു. മുമ്പൊരു ഊഞ്ഞാല്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും പണി നടക്കുന്നതിനാല്‍ അത് നശിച്ചു പോയെന്നും കുട്ടികള്‍ സങ്കടം പറഞ്ഞു.
ഉടന്‍ തന്നെ മന്ത്രി ഹോമിലെ ജീവനക്കാരോട് എത്രയുംവേഗം ഒരു ഊഞ്ഞാലിട്ട് കൊടുക്കാന്‍ നിര്‍ദേശംനല്‍കി. ഊഞ്ഞാലിട്ട ശേഷം അക്കാര്യം തന്നെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദേശം കുട്ടികള്‍ സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ ഹോമിന്റെ മുറ്റത്ത് ജീവനക്കാര്‍ ഊഞ്ഞാലൊരുക്കി. കുട്ടികള്‍ ഉത്സാഹത്തോടെ ഊഞ്ഞാലാട്ടവും തുടങ്ങി.
ഹോമിലെ മുതിര്‍ന്ന കുട്ടികള്‍ക്കുമുണ്ടായിരുന്നു ഒരാവശ്യം. ചെറിയൊരു ജിം തങ്ങള്‍ക്ക് വേണമെന്നാണ് മന്ത്രിയോട് അവര്‍ ആവശ്യപ്പെട്ടത്. ചില്‍ഡ്രന്‍സ് ഹോമില്‍ ചെറിയൊരു ജിം തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിമാട്കുന്നിലെ ജെൻഡർ പാർക്കിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി ചിൽഡ്രൻസ് ഹോമിലെത്തിയത്. മന്ത്രി ഹോം പരിസരവും അടിസ്ഥാന സൗകര്യങ്ങളും അടുക്കളയിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ച് വിലയിരുത്തി.