‘ഒന്നര വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ കുടിവെള്ള മണ്ഡലമായി കൊയിലാണ്ടി മാറും’; 120 കോടിയുടെ കൊയിലാണ്ടി നഗരസഭ രണ്ടാംഘട്ട കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
കൊയിലാണ്ടി: സമ്പൂര്‍ണ്ണ കുടിവെളള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. ഒന്നര വര്‍ഷം കൊണ്ട് 120 കോടി രൂപയുടെ രണ്ടാംഘട്ട കുടിവെള്ള പദ്ധതി പൂര്‍ത്തിയാവുന്നതോടെ കൊയിലാണ്ടി മണ്ഡലത്തിലെ ഒരു വീട്ടില്‍ പോലും കുടിവെള്ള എത്തിച്ചേരാതിരിക്കില്ലെന്നും സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മണ്ഡലമായി കൊയിലാണ്ടി മാറുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമായത്. 4500 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ആര്‍ ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് വീടുകളില്‍ നേരിട്ട് ടാപ്പുകള്‍ വഴി ശുദ്ധീകരിച്ച ജലം ലഭ്യമാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിനായി സംസ്ഥാനത്താകെ 47000 കോടി രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്. ഇതില്‍ 99 ശതമാനം പ്രവൃത്തികളും ടെണ്ടറുകള്‍ ചെയ്തു കഴിഞ്ഞതായും പ്രവൃത്തികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, മുന്‍ എം.എല്‍.എ കെ ദാസന്‍, മുന്‍സിപ്പല്‍ ചീഫ് എഞ്ചിനീയര്‍ ശിവപ്രസാദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി-സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതവും എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ദിലീപ് ഗോപന്‍ നന്ദിയും പറഞ്ഞു.