കൗൺസിലിംഗ്, കരിയർ ഗൈഡൻസ്, മിനി ലൈബ്രറി തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിലേക്ക്; മൂടാടിയിൽ ജെൻഡർ റിസോഴ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തു


മൂടാടി: പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് സെൻറർ ഓഫീസ് കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയാസൂത്രണ പ്രക്രിയയിലൂടെ നടപ്പാക്കുന്ന പദ്ധതികൾ ലിംഗനീതിയിൽ ഊന്നിയുള്ള താവണമെന്ന് മന്ത്രി പറഞ്ഞു. വനിത ഘടകപദ്ധതികൾ മാതൃകാപരവും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതുമാവണം കേരളം ഈ കാര്യത്തിൽ ഏറെ മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായായി ഏഴ് ലക്ഷം രൂപ ചിലവിലാണ് ഹിൽബസാറിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്റർ കെട്ടിടം നിർമിച്ചത്. ജാഗ്രത സമിതികളുടെ പൊതു കേന്ദ്രം, വനിത തൊഴിൽ പരിശീലനം, സ്ത്രീ പദവി പഠനം, കുടുംബപ്രശ്നങ്ങൾക് പരിഹാരമാവുന്ന കൗൺസിലിംഗ്, കരിയർ ഗൈഡൻസ്, മിനി ലൈബ്രറി, നൈപുണ്യവികസനം എന്നിവ ജൻഡർ റിസോഴ്സ് സെൻ്ററിലൂടെ പ്രാവർത്തികമാക്കും.

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എൻജിനിയർ ശ്രീനാഥ് റിപ്പോർട്ടും അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജ പട്ടേരി, ബ്ലോക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി. അഖില, എം.കെ മോഹനൻ, ടി.കെ. ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, എം.കെ.ഷഹീർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലതപാർട്ടി, നേതാക്കളായ കെ.സത്യൻ, ആർ നാരായണൻ മാസ്റ്റർ, സന്തോഷ് കുന്നുമ്മൽ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.എം കുഞ്ഞിക്കണാരൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.

Summary: Minister R Bindhu inaugurated Gender Resource Center at Moodadi