സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തി ഗതാഗത മന്ത്രി ; ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡും യൂണിഫോമും ഏർപ്പെടുത്തും, ഇന്ത്യയിൽ ഒരു സംസ്ഥാനം ആംബുലൻസിന് താരിഫ് പ്രഖ്യാപിക്കുന്നത് ഇത് ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഐസിയു സംവിധാനം ഉള്ള ആംബുലൻസിന് 10 കിലോമീറ്ററിൽ 2,500 രൂപയും സി ലെവൽ ആംബുലൻസിന് 1,500 രൂപയും ബി ലെവൽ ആംബുലൻസിന് 1000 രൂപയുമാണ് മിനിമം ചാർജ്. ഐസിയു സംവിധാനം ഉള്ള ആംബുലൻസ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലൻസിന് താരിഫ് പ്രഖ്യാപിക്കുന്നത്. താരിഫുകൾ ആംബുലൻസിൽ പ്രദർശിപ്പിക്കും. വെന്റിലേറ്റർ ആംബുലൻസ് ഉപയോഗിക്കുന്ന ബിപിഎൽ കാർഡ് ഉടമകൾക്ക് 20 ശതമാനം ഇളവ് ഉണ്ടാകും. കാൻസർ രോഗികൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഓരോ കിലോമീറ്ററും രണ്ടു രൂപ വെച്ച് ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.
ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും യൂണിഫോമും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ആണ് യൂണിഫോം. യാത്രാ വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് ആംബുലൻസിൽ നിർബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലൻസുകളിൽ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
SUMMARY: minister-of-transport-imposed-tariff-for-ambulances-in-the-state.