കൊയിലാണ്ടിയിലെ ‘കനിവി’ന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ജി.ആര്‍. അനില്‍; നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ‘കനിവ്’ മാതൃകാപരം


കൊയിലാണ്ടി: നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഏറെടുത്ത് നടത്തുന്നതില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ മാതൃകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ: ജി. ആര്‍. അനില്‍. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് 13ാ0 വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പിന്നോക്ക സാഹചര്യങ്ങള്‍ പരിഹരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ചാരിറ്റി പ്രവര്‍ത്തകര്‍ നല്ല തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോവിഡിന്റെ ഭീതിജനകമായ അന്തരീക്ഷത്തിലും വെള്ളപ്പൊക്കമുണ്ടായപ്പോഴും കേരളീയര്‍ നന്മ നിറഞ്ഞ ഒട്ടേറെ പ്രവര്‍തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നന്തി ബസാറില്‍ നടന്ന പരിപാടിയില്‍ ട്രസ്റ്റ് പ്രസിഡണ്ട് എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. മോഹനന്‍, കെ. വിജയ രാഘവന്‍, കാളിയേരി മൊയ്തു, കെ.ടി. കല്യാണി, മുഹമ്മദലി മുതുകുനി, ചേനോത്ത് ഭാസ്‌ക്കരന്‍, എം.കെ. രാമചന്ദ്രന്‍, വി.കെ. സെനീര്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഒ. രാഘവന്‍ സ്വാഗതവും ജോ. സെക്രട്ടറി കെ.പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ: യു. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ. ടി. വത്സന്‍ സ്വാഗതവും കെ. ബാബുരാജ് നന്ദിയും പറഞ്ഞു.