മിനി ഗുഡ്‌സ് ലോറി റോഡിലേക്ക് ഇറക്കി, ലോറിയിലേക്ക് ഇടിച്ച് ബൈക്ക്; ഉള്ള്യേരിയില്‍ ഇരുപത്തിനാലുകാരന്റെ മരണത്തിന് കാരണമായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


ഉള്ളിയേരി: ഉള്ള്യേരിയില്‍ ബസ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിന് മുന്‍വശത്താണ് അപകടം നടന്നത്. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. സ്വകാര്യ ക്ലീനിക്കിന്റെ മുന്‍വശത്ത് നിന്നും മിനി ഗുഡ്‌സ് ലോറി റോഡിലേക്ക് ഇറക്കിയപ്പോള്‍ ബൈക്ക് ഗുഡ്‌സ് ലോറിയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. ഉള്ളിയേരിയില്‍ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു ആദര്‍ശ്. നാട്ടുകാര്‍ ഉടന്‍ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്. ബസ് സര്‍വ്വീസ് അവസാനിപ്പിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്ഥിരം അപകട മേഖലയില്‍പ്പെട്ട ഉള്ളിയേരി -19 തിലും, പൊയിലില്‍ താഴെയും 500 മീറ്ററിനുള്ളില്‍ 12 വര്‍ഷത്തിനിടയില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അരവിന്ദന്‍ അനിത ദമ്പതികളുടെ ഏക മകനാണ് ആദര്‍ശ്.