വിവിധ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; കാവുവട്ടം യു.പി സ്‌കൂളില്‍ മികവുത്സവം 2024
കൊയിലാണ്ടി:കാവുംവട്ടം യു.പി സ്‌കൂളില്‍ ‘മികവുത്സവം’ സംഘടിപ്പിച്ചു. ഉപജില്ല, ജില്ലാ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകള്‍ക്കുള്ള അനുമോദനവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവന്‍ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
സജീവന്‍ കുതിരക്കുടയെ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു. ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ് റണ്ണറപ്പ്, ഗണിതമേള സെക്കന്റ് റണ്ണറപ്പ്, പ്രവൃത്തി പരിചയമേളയില്‍ സെക്കന്റ് റണ്ണറപ്പ്, സ്‌കൂള്‍ കലാമേളയില്‍ ഓവറോള്‍ സെക്കന്റ് റണ്ണറപ്പ് എന്നീ വിജയങ്ങള്‍ കൈവരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കുട്ടികളെ വര്‍ണ്ണാഭമായ വേദിയില്‍ സുധ കിഴക്കേപ്പാട്ട് സര്‍ട്ടിഫിക്കറ്റ് മൊമെന്റോ എന്നിവ നല്‍കി അനുമോദിച്ചു.
ചടങ്ങില്‍ ഉപജില്ല ജില്ലാ മേളകളില്‍ നൃത്ത വിഭാഗത്തില്‍ കുട്ടികള്‍ക്ക് മികച്ച പരിശീനം നല്‍കി വിജയം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നിര്‍മ്മല ടീച്ചര്‍ സ്‌കൂളിന്റെ ആദരവേറ്റുവാങ്ങി. മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷ പദവി വഹിച്ച ചടങ്ങില്‍ കാവുംവട്ടം യു.പി.സ്‌കൂള്‍ പ്രധാനധ്യാപകന്‍ പ്രതീഷ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സബീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ദിനേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജീന ജി.പി നന്ദി പറഞ്ഞു.