ആഴ്ചയിലൊരിക്കൽ ചിക്കൻ, നാവിൽ മധുരമേകി പാൽപ്പായസം; വിദ്യാർത്ഥികൾക്ക് ഓരോദിവസവും വ്യത്യസ്ത രുചിക്കൂട്ടുമായി മുചുകുന്ന് യു.പി സ്കൂൾ (വീഡിയോ കാണാം)
മുചുകുന്ന്: വൈവിധ്യവും സ്വാദിഷ്ഠവുമായ വിഭവങ്ങൾ കൊണ്ട് കുട്ടികൾക്ക് വ്യത്യസ്ത രുചിക്കൂട്ട് ഒരുക്കി മുചുകുന്ന് യു.പി സ്കൂൾ. പി.ടി.എയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസത്തെയും സ്കൂൾ ഉച്ചഭക്ഷണം പോഷക സമൃദ്ധവും ഏറ്റവും രുചികരവുമാക്കാനുള്ള ‘രുചികൂട്ട്’ എന്ന പദ്ധതി നടപ്പാക്കിയത്.
ദിവസേന മൂന്നിൽ പരം വിഭവങ്ങങ്ങളാണ് കുട്ടികളുടെ പ്ലേറ്റിലെത്തുന്നത്. പാൽ കൊടുക്കുന്ന ദിവസം പാൽപ്പായസത്തിന്റെ മധുരമാണ് കുട്ടികൾക്ക് ലഭിക്കുക. ആഴ്ചയിൽ ഒരു ദിവസം ചിക്കൻ കറിയും വിഭവങ്ങളിൽ ഉൾപ്പെടുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സംതൃപ്തി ഉണ്ടാക്കുന്നു.
കൂടാതെ ദിവസവും രാവിലെ പൊടിയരി കഞ്ഞിയും കൊടുക്കുന്നുണ്ട്. സ്കൂൾ ഉച്ച ഭക്ഷണത്തിന് അനുവദിച്ച തുക തികയാത്ത സാഹചര്യത്തിൽ സ്കൂൾ പി.ടി.എ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്പോൺസർഷിപ്പിൽ ആണ് ഇത്തരം വ്യത്യസ്ത പദ്ധതിയുമായി വിജയകരമായി മുന്നോട്ട് പോകുന്നത്,.
സ്കൂളിലെ ജൈവപച്ചക്കറിത്തോട്ടത്തിൽ വിളയുന്ന വിഭവങ്ങളും സ്കൂളിലെ ഉച്ചഭക്ഷത്തിനൊപ്പം ഉൾക്കൊള്ളിക്കുന്നുണ്ട്. രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് വിഭവങ്ങൾ ദിവസേന തയ്യാറാക്കുന്നത് എന്നതും രുചിക്കൂട്ടിന്റെ പ്രത്യേകതയാണ്.