കൂത്തും കൂടിയാട്ടവും പാഠകവും പഠിക്കാന്‍ ഇനി അകലെ പോകേണ്ടതില്ല; കാരയാടില്‍ മാണി മാധവ ചാക്യാര്‍ക്ക് സ്മാരകമൊരുങ്ങുന്നു
കൊയിലാണ്ടി: കൂടിയാട്ടത്തിന്റെയും, ചാക്യാര്‍കൂത്തിന്റെയും രസാഭിനയത്തിന്റെയും കുലപതിയായിരുന്ന മാണി മാധവ ചാക്യാര്‍ക്ക് കാരയാടില്‍ സ്മാരകമുയരുന്നു. തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിലേക്കുളള പാതയോരത്ത് ചാക്യാരുടെ കുടുംബം വിട്ടു നല്കിയ പത്ത് സെന്റ് സ്ഥലത്താണ് സാംസ്ക്കാരിക കേന്ദ്രം പിറവിയെടുക്കുന്നത്. ഈ കേന്ദ്രത്തില്‍ ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങിയ ക്ഷേത്ര കലകള്‍ അഭ്യസിപ്പിക്കും. കൂടിയാട്ടത്തിന്റെ വാദ്യോപകരണങ്ങളായ മിഴാവും, ഇടയ്ക്കയും ഇവിടെ പരിശീലിപ്പിക്കും.
ടി.പി.രാമകൃഷ്ണന് എം.എല്‍.എ അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം ഘട്ട കോണ്‍ക്രീറ്റ് കഴിഞ്ഞു. അതിന് മുകളില്‍ കൂത്തമ്പലം ശൈലിയില്‍ മോന്തായത്തോട് കൂടി ഓട് മേയും. ഭാവി വികസന സാധ്യത കൂടി കണക്കിലെടുത്താണ് സ്മാരകം നിര്‍മ്മിക്കുന്നത്. സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ സാമ്പത്തിക ചെലവ് ഇനിയുമേറും.
ക്ഷേത്ര കലകളുടെ പരിപോഷണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അനശ്വര കലാകാരനായിരുന്നു പത്മശ്രീ മാണി മാധവ ചാക്യാര്‍. കൂത്തും കൂടിയാട്ടവും ജനകീയ കലാരൂപമാക്കാന്‍ മാണി മാധവ ചാക്യാര്‍ ഏറെ ആഗ്രഹിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരം, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, കലാമണ്ഡലം ഫെലോഷിപ്പ്, മധ്യ പ്രദേശ് സര്‍ക്കാറിന്റെ തുളസി പുരസ്ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്. ബനാറസ് സര്‍വ്വകലാശാല അദ്ദേഹത്തിന് 1964ല്‍ വിശിഷ്ട ബിരുദം സമ്മാനിച്ചു. നാട്യകല്പദ്രുമം എന്ന അദ്ദേഹത്തിന്റെ കൃതിയ്ക്ക് കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിരുന്നു. 1990 ജനുവരി 14ന് 91 വയസ്സിലാണ് മാണി മാധവ ചാക്യാര്‍ അന്തരിച്ചത്.
അരിക്കുളം-കാരയാട് -അഞ്ചാം പീടിക റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്തെത്താം. ഇതിന് സമീപത്തായി പ്രസിദ്ധമായ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രമുണ്ട്. ഇതിനടുത്താണ് മാണി വീട്. ഈ വീട് ഇപ്പോഴും സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. പത്തായപ്പുരയോട് കൂടിയതാണ് ചാക്യാരുടെ ഭവനം. അടുത്ത ബന്ധു പത്മാവതി അമ്മയും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.
ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷമെങ്കിലും പരിശീലിച്ചാലെ കൂത്തിലും കൂടിയാട്ടത്തിലുമെല്ലാം പ്രാഥമിക കാര്യങ്ങള്‍ വശപ്പെടുത്താനാവുകയുളളു. ക്രിയാഭാഗങ്ങളും, മുദ്രകളും, ചുവടുകളും ഈ ക്ഷേത്രകലകള്‍ക്ക് നിര്‍ബന്ധമായും പഠിച്ചിരിക്കണം.