”മേലൂര്‍ വാസുദേവന്‍ മനുഷ്യപക്ഷത്തുനിന്ന പ്രതിഭാധനന്‍”; അനുസ്മരിച്ച് പുകസ


കൊയിലാണ്ടി: നാലു പതിറ്റാണ്ടുകാലം കൊയിലാണ്ടിയുടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കവി മേലൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനയോഗം നടത്തി. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹമയമായി ഇടപെടുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു മേലൂര്‍ വാസുദേവനെന്ന് അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിച്ചു. കവി, നോവലിസ്റ്റ്, എഡിറ്റര്‍, വിവര്‍ത്തകന്‍, നാടകകാരന്‍, സംഗീത പണ്ഡിതന്‍, വായനക്കാരന്‍, സംഘാടകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച സമഗ്ര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍ത്തെടുത്തു.

ദീര്‍ഘകാലം പുകസയുടെ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മേലൂര്‍ വാസുദേവന്‍ നിലവില്‍ പുകസ കോഴിക്കോട് ജില്ലാകൗണ്‍സില്‍ അംഗമാണ്. കൊയിലാണ്ടി യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്കില്‍ നടന്ന അനുശോചന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷ്യം വഹിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയില്‍ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുന്‍ എം.എല്‍.എ. പി.വിശ്വന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, നാടകകാരന്‍ ചന്ദ്രശേഖരന്‍ തിക്കോടി, കവിയും നോവലിസ്റ്റുമായ ഡോ.സോമന്‍ കടലൂര്‍, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ.അജിത്, കൗണ്‍സിലര്‍ യു.അസീസ്, പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കല്പത്തൂര്‍, കഥാകാരന്‍ പി.മോഹനന്‍, സംഗീതജ്ഞന്‍ പ്രേംരാജ് പാലക്കാട്, ബ്ലോക്ക് പഞ്ചായത്തംഗം കെ. ടി.എം. കോയ, പുകസ ജില്ലാകമ്മിറ്റി അംഗം സി.അശ്വനിദേവ്, എന്‍.ഇ.ഹരികുമാര്‍, കൊയിലാണ്ടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ.സജീവ്കുമാര്‍ പുകസ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ.വിജയകുമാര്‍, പുകസ മേഖലാ ജോയിന്റ് സെക്രട്ടറി സി.പി.ആനന്ദന്‍, പുകസ ജില്ലാകമ്മിറ്റി അംഗം ആര്‍.കെ ദീപ എന്നിവര്‍ സംസാരിച്ചു.

Summary: meloor vasudevan Pukasa with commemoration program at Koyilandy