രോഗങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്, വീട്ടിലൊരു ഔഷധ തോട്ടമായാലെന്താ; മാതൃകയൊരുക്കുകയാണ് കൊയിലാണ്ടിയിലെ ഈ കുട്ടികൾ


കൊയിലാണ്ടി: രോഗങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്, വീട്ടിലൊരു ഔഷധ തോട്ടമായാലെന്താ? ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം എന്ന ആശയവുമായി കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച് എസ്.എസ്. പരിസ്ഥിതി ദിനാചരണോത്തോടനുബന്ധിച്ച് നടത്തിയ വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ രാഘവൻ അരിക്കുളം ഉദ്ഘാടനം ചെയ്തു. ഔഷധത്തോട്ടം ഉണ്ടാക്കാനായുള്ള ചെടികൾ ഇക്കോ ക്ലബ് അംഗങ്ങൾക്ക് കൈമാറി.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഔഷധത്തോട്ടം നിർമ്മിക്കും. വിദ്യാലയ ഉദ്യാനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തൈകൾ നട്ടു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ചന്ദ്രമതി കെ.കെ അധ്യക്ഷത വഹിച്ചു. പി.വി പ്രകാശൻ, വി.എം പ്രകാശൻ, സി.കെ ഷാജി തുടങ്ങിയവർ സംസാരിച്ചു. ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ പി.എം സുരേഷ് സ്വാഗതം പറഞ്ഞു.