‘കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ കെട്ടിടം പുതുക്കിപ്പണിയണം’; ആവശ്യവുമായി മരുതൂർ ഗവ. എൽ.പി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം


കൊയിലാണ്ടി: മരുതൂർ വി.എം.ഗോപാലൻ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഉപയോഗശൂന്യമായ കെട്ടിടം പുതുക്കിപ്പണിയണമെന്ന് പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 25 വർഷം പഴക്കമുള്ള കെട്ടിടമാണ് അടിയന്തിരമായി പുതുക്കിപ്പണിയണമെന്ന് പി.ടി.എ ആവശ്യപ്പെട്ടത്. വിഷയത്തിൽ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

രണ്ട് ക്ലാസുകൾ പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ നിലവിൽ ക്ലാസുകൾ നടത്തുന്നില്ല. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച ഈ കെട്ടിടം പൊളിച്ച് കൂടുതൽ നിലകളുള്ള കെട്ടിടം നിർമ്മിക്കണമെന്നാണ് പി.ടി.എയുടെ ആവശ്യം. പുതിയ കെട്ടിടം നിർമ്മിച്ചാൽ നിലവിലുള്ള നഴ്സറി, പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് സൗകര്യപ്രദമായ ക്ലാസുകൾ ലഭിക്കും.

മരുതൂർ ഗവ. എൽ.പി സ്കൂളിനെ യു.പി ആയി ഉയർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടുതൽ നിലകളുള്ള കെട്ടിടം നിർമ്മിക്കുന്നത് ഭാവിയിൽ യു.പി സ്കൂളായി ഉയർത്തുന്നതിനുള്ള സാധ്യതയും വർധിപ്പിക്കും.

ചുമരുകൾക്ക് പലയിടത്തും വിള്ളൽ വീഴുകയും മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടുകയും ചെയ്തതോടെയാണ് സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായത്. ഇതോടെയാണ് കെട്ടിടത്തിൽ ക്ലാസുകൾ നടത്തേണ്ട എന്ന് തീരുമാനിച്ചത്. ഉപയോഗശൂന്യമായ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ ഇപ്പോൾ സൗകര്യങ്ങൾ കുറഞ്ഞ മറ്റിടങ്ങളിലാണ് നടത്തുന്നത്. പുതിയ കെട്ടിടം ഉയർന്നാൽ ഈ ക്ലാസുകൾ അവിടേക്ക് മാറ്റാൻ കഴിയും.

സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കാനത്തിൽ ജമീല എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ എം.പ്രമോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് എം.എൽ.എയോട് ആവശ്യപ്പെട്ടത്. ആവശ്യം സർക്കാറിന് മുന്നിൽ ഉന്നയിക്കാമെന്ന ഉറപ്പ് എം.എൽ.എ നൽകിയതായും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി നഗരസഭയിൽ അരിക്കുളം വില്ലേജിലുള്ള നടേരി മരുതൂർ പ്രദേശത്തെ ഏക സർക്കാർ സ്കൂളാണ് മരുതൂർ ഗവ. എൽ.പി സ്കൂൾ. രണ്ട് അൺ എയിഡഡ് സ്കൂളുകൾ സമീപമുണ്ടെങ്കിലും നിരവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും ഈ സ്കൂളിൽ പ്രവേശനം നേടുന്നത്.

പി.ടി.എ ജനറൽ ബോഡി യോഗത്തിൽ കെ.എൽ.പത്മേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.പ്രമോദ്, കെ. കൃഷ്ണക്കുറുപ്പ്, ടി.നഫീസ, വിജീഷ കെ.കെ, എൻ.ശ്രീനിവാസൻ, കെ.ശ്രീധരൻ, ബി.കെ.അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.എൽ.പത്‌മേഷ് (പി.ടി.എ പ്രസിഡന്റ്), കെ.ചന്ദ്രൻ (എസ്.എം.സി ചെയർമാൻ), ഐ.ആർ.ധന്യ (എം.പി.ടി.എ ചെയർപേഴ്സൺ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.