സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ കിണര്‍ കുഴിച്ചുനല്‍കാം; മരളൂരില്‍ പൊതുകിണര്‍ നികത്തുന്ന വിഷയത്തില്‍ ബദല്‍ നിര്‍ദേശവുമായി ദേശീയപാത അതോറിറ്റി
കൊയിലാണ്ടി: ദേശീയപാതയ്ക്കുവേണ്ടി മരളൂരില്‍ അന്‍പതോളം കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്ന പൊതുകിണര്‍ നികത്തുന്ന വിഷയത്തില്‍ ബദല്‍ നിര്‍ദേശവുമായി ദേശീയപാത അതോറിറ്റി. സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ പുതിയ കിണര്‍ നിര്‍മ്മിച്ചു നല്‍കാമെന്നാണ് ദേശീയപാത അതോറ്റി അറിയിച്ചത്.
വ്യാഴാഴ്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പിയും വാര്‍ഡ് കൗണ്‍സിലര്‍ രാജീവനും കലക്ടറെയും ദേശീയപാത അധികൃതരെയും നേരില്‍ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ദേശീയപാത അതോറിറ്റി കിണര്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയാറാണെന്ന് അറിയിച്ചത്. ഇല്ലെങ്കില്‍ നിലവിലെ സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
നഗരസഭയെ സംബന്ധിച്ച് സ്ഥലത്തിനായി ഫണ്ട് കണ്ടെത്തുകയെന്നത് ധ്രുതഗതിയില്‍ സാധ്യമായ കാര്യമല്ലെന്നും അതിനാല്‍ സ്ഥലം ഏറ്റെടുത്തു നല്‍കുകയെന്നത് സമീപ ഭാവിയില്‍ എത്രത്തോളം സാധ്യമാണ് എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ദേശീയപാത കടന്നുപോകുന്ന മരളൂരിലെ കിണര്‍ പനച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഭാഗമാണ്. പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളില്‍ ജലമെത്തുന്നത് ഈ കിണറില്‍ നിന്നാണ്. കിണര്‍ മണ്ണിട്ട് മൂടാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടതും ദേശീയപാത അതോറിറ്റിയ്ക്ക് നിവേദനം നല്‍കിയതും.