കോഴിക്കോട് കക്കോടിയില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു


കോഴിക്കോട്: വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കക്കോടിയിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് രാവിലെ രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ഒപ്പം ജോലി ചെയ്തു കൊണ്ടിരുന്ന അക്ബര്‍ ഹുസൈന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കക്കോടി കിരാലൂര്‍ ആണിയം വീട്ടില്‍ താളെ അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് സംഭവം. കോണ്‍ക്രീറ്റ് പൊട്ടി ഉവൈദിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വെള്ളിമാട് അഗ്നിരക്ഷസേന യൂണിറ്റും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാര്‍ഡ് അംഗം കെ ഹി സാഹിദ്, അഭിലാഷ്, ഗീരീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.