ചക്കിട്ടപാറയില്‍ യന്ത്രത്തോക്കുകളുമായി മാവോയിസ്റ്റുകള്‍; അഞ്ചംഗ സംഘം വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം യന്ത്രത്തോക്കുകളുമായി പയ്യാനക്കോട്ട, ഉദയനഗര്‍ ഭാഗങ്ങളിലെത്തിയത്.
രാത്രി 12:45 മുതല്‍ പുലര്‍ച്ചെ രണ്ടര വരെ സായുധസംഘം പ്രദേശത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി ലഘുലേഖകളും കയ്യെഴുത്ത് പോസ്റ്ററുകളും വിതരണം ചെയ്തു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഉദയനഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സമീപത്തും കണ്ട പോസ്റ്ററുകള്‍ പതിപ്പിച്ചത്.
സി.പി.ഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖകളാണ് വിതരണം ചെയ്തത്. മുതുകാട് മേഖലയിലെ ഇരുമ്പ് അയിര് ഖനനത്തിനെതിരായ കാര്യങ്ങളാണ് പോസറ്ററുകളില്‍ ഉള്ളത്.
പ്രദേശത്തെ വീടുകളിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭീഷണിപ്പെടുത്തുകയും ഭക്ഷണസാധനങ്ങള്‍ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനും എളമരം കരീമിനുമെതിരായ ഭീഷണികളും പോസ്റ്ററുകളിലുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള കെ.സുനിലിന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയുണ്ട്. തണ്ടര്‍ബോള്‍ട്ടിന്റെ സംരക്ഷണം കൊണ്ട് രക്ഷപ്പെടില്ല എന്നാണ് പുതിയ ഭീഷണി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പെരുവണ്ണാമൂഴി സ്റ്റേഷനില്‍ സായുധരായ പൊലീസുകാരേയും അത്യാധുനിക ഗൂര്‍ഖ ജീപ്പുള്‍പ്പെടെയുള്ള സംവിധാനങ്ങളും അനുവദിച്ചിരുന്നു. നിരന്തരമായി തുടരുന്ന മാവോയിസ്റ്റ് ഭീഷണി തടയാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
[bot1]