പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണവും; പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് കുടിവെള്ളം ‘തണ്ണീര്‍ കൂജ’യില്‍


പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വേദികളില്‍ കുടിവെള്ളം പകര്‍ന്നു നല്‍കാന്‍ മണ്‍ കൂജകളും മണ്‍ ക്ലാസുകളും ഒരുക്കും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണം കൂടി ലക്ഷ്യം വച്ചാണ് ‘തണ്ണീര്‍ കൂജ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടികൾ നടക്കുന്ന വേദികളിൽ എത്തുന്നവർക്കും മത്സരാർത്ഥികൾക്കും മണ്‍ കൂജകളിലും മണ്‍ ഗ്ലാസിലും  കുടിവെള്ളം ലഭ്യമാക്കും. ഡിസ്പോസിബിൾ ഗ്ലാസുകളും മറ്റും ഉപയോഗിക്കുമ്പോഴുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ഇത് സഹായകമാവും.

നിര്‍മ്മാണ കേന്ദ്രത്തില്‍ നേരിട്ട് എത്തി മണ്‍പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. കോഴിക്കോട് ഉര്‍ദു സെന്ററില്‍ ആണ് പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കലോത്സവത്തിന് ശേഷം മണ്‍ കൂജകള്‍ സ്‌കൂളുകള്‍ക്ക് നല്‍കാനാണ് പദ്ധതി.

പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സൈലം ലേണിംഗ് എന്ന സ്ഥാപനമാണ് ഏറ്റെടുത്തത്. കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ റഫീഖ് മായനാട്, പികെ റഷീദ് പാണ്ടിക്കോട്, സിടി അബൂബക്കര്‍, യൂനുസ് വടകര, മുജീബ് കൈപ്പാക്കില്‍ എന്നിവര്‍ ചേര്‍ന്ന് മണ്‍പാത്രങ്ങള്‍ ഏറ്റുവാങ്ങി.