കുട്ടികളുടെ സുരക്ഷ മുഖ്യം! തേങ്ങയിടാൻ ആളെ കിട്ടാതായതോടെ തെങ്ങിൽ കയറി മണിയൂർ സ്കൂളിലെ ലിനീഷ് മാഷ്, വീഡിയോ വൈറൽ



മണിയൂർ: തെങ്ങിൽ കയറി വെെറലായിരിക്കികയാണ് മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി.പി. ലിനീഷ്. സാമൂഹികശാസ്ത്രം പഠിപ്പിക്കുന്ന ലാഘവത്തോടെ തേങ്ങയും ഉണങ്ങിയ ഓലയുമെല്ലാം ലിനീഷ് താഴേക്കിട്ടു. സ്കൂൾഗ്രൗണ്ടിലെ തെങ്ങു കയറ്റത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാവുന്നത്.

തെങ്ങിലെ തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നതോടെയാണ് തേങ്ങയിടാൻ ലിനീഷ് തയ്യാറാവുന്നത്. പഠന സമയത്ത് തെങ്ങിൽ കയറി പരിചയമുണ്ടായിരുന്നു, ആ ധെെര്യത്തിലാണ് അദ്ദേഹം തെങ്ങിൽ കയറിയത്. സ്കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന രണ്ടു തെങ്ങുകളിലാണ് കൂളായി ലിനീഷ് കയറി തേങ്ങയിട്ടത്.

കുട്ടികളുടെ സുരക്ഷയോർത്താണ് തെങ്ങിൽ കയറിയതെന്ന് അധ്യാപകൻ ലിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സ്കൂൾ കോമ്പൗണ്ടിലെ തെങ്ങുകളിൽ നിന്ന് കുട്ടികളുടെ തലയിൽ തേങ്ങയും ഓലയും വീഴാറായി നിൽക്കുന്ന സ്ഥിതിയിലായിരുന്നു. അതാണ് മറ്റൊന്നും ആലോചിക്കാതെ തെങ്ങിൽ കയറാൻ പ്രേരിപ്പിച്ചത്.

സ്കൂൾ തുറക്കുന്നതിന് മുന്നേ തേങ്ങയിടാൻ ആളെ തപ്പി നടപ്പായിരുന്നു, എന്നാൽ സ്കൂൾ തുറന്ന് ഇത്രയും ദിവസമായിട്ടും ആളെ കിട്ടിയില്ല. കുട്ടികളുടെ തലയിൽ ഇവ വീഴാൻ സാധ്യത വർദ്ധിച്ചതോടെ അസംബ്ലി വരെ സ്ഥലം മാറ്റിയാണ് നടത്തിയത്. അതുകൊണ്ടാണ് ഇന്നലെ വെെകീട്ട് തന്നെ തെങ്ങിൽ കയറിയത്. പഠന സമയത്ത് തെങ്ങിൽ കയറാൻ പോകാറുണ്ടായിരുന്നു. ആ അനുഭവത്തിലാണ് തെങ്ങിൽ കയറിയതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷമായി മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ലിനീഷ്. പത്തുവർഷത്തിലേറെക്കാലമായി അധ്യാപകനായി ജോലി ചെയ്തുവരികയാണ് ലിനീഷ്. സർക്കാർ സർവ്വീസില‍ കയറിയിട്ട് ആറ് വർഷമായി. നേരത്തെ വടകര ഗവ.സംസ്‌കൃതം എച്ച്.എസ്.എസിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. തിരുവള്ളൂർ സ്വദേശിയാണ്.

സഹപ്രവർത്തകരായ അധ്യാപകരാണ് ദൃശ്യങ്ങൾ പകർത്തി സാമുഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കുവെച്ചിട്ടുണ്ട്. മാഷേ ശ്രദ്ധിച്ച്.. കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തളയുംകെട്ടി ഇറങ്ങിയത് കോഴിക്കോട് മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ലിനീഷ് മാഷാണ്.. എന്ന ക്യാപ്ഷനോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.