മീനച്ചൂടിനെ വക വയ്ക്കാതെ ഒഴുകിയെത്തുക ആയിരങ്ങൾ; വലിയവിളക്ക് നാളിൽ പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള വസൂരിമാല വരവാഘോഷത്തിനായി സ്വാമിയാർകാവ് ക്ഷേത്രവും നാട്ടുകാരും ഒരുങ്ങി
കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പിഷാരികാവിലെത്തുന്ന വസൂരിമാല വരവാഘോഷം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരു നാട്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസം വ്രതാനുഷ്ഠാനത്തോടു കൂടി മധ്യാഹ്നത്തിനു മുമ്പെ ക്ഷേത്രസന്നിധിയിലെത്തുന്ന ഏറ്റവും പ്രധാന വരമാണ് മന്ദമംഗലത്തു നിന്നുള്ള വസൂരിമാല വരവ്. പിഷാരികാവിലമ്മ നിത്യേന അണിയുന്ന ആഭരണമായ വസൂരിമാലയും വഹിച്ചാണ് ഈ വരവ് എത്തുന്നത്.
വലിയവിളക്കു ദിവസം സ്വാമിയാർ കാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന വരവ് വിവിധ സ്ഥലങ്ങളിൽ നിന്ന് മറ്റ് പത്തോളം വരവുകളും കൂടിച്ചേർന്നാണ് പിഷാരികാവ് ക്ഷേത്രത്തിന്റെ വടക്കെ നടയിൽ എത്താറുള്ളത്. വസൂരിമാല വഹിച്ച ഗജവീരനെ എട്ടോളം ഗജവീരൻമാർ അനുഗമിക്കുന്നു. സ്വാമിയാർ കാവ് ക്ഷേത്രത്തിലെ പ്രധാന താലവും പറമ്പിൽ തറവാട്ടിൽ നിന്നുള്ള മണിമാലയും, പത്തോളം വീടുകളിൽ നിന്നുള്ള സ്പെഷ്യൽ താലങ്ങളും നൂറുകണക്കിന് താലമേന്തിയ ഭക്തരുടെയും അകമ്പടിയോടെയാണ് വസൂരിമാല വരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്, ഉറഞ്ഞുതുള്ളുന്ന പത്തോളം കോമരങ്ങളും നൂറിൽപ്പരം വാദ്യമേളക്കാരും വരവിന്റെ പ്രധാന ആകർഷണമാണ്.
മീന മാസത്തിലെ കടുത്ത വെയിലിനെ അവഗണിച്ച് ഉച്ച സമയത്ത് പോലും ആയിരക്കണക്കിനാളുകളാണ് വസൂരിമാല വരവ് കാണാൻ വഴിയോരങ്ങളിലും ക്ഷേത്ര സന്നിധിയിലും തടിച്ചുകൂടാറ്. പിഷാരികാവിലെത്തുന്ന വസൂരിമാല ക്ഷേത്രം മേൽശാന്തി ഏറ്റുവാങ്ങി ദേവീ വിഗ്രഹത്തിൽ അണിയിച്ച് ദർശനവും നടത്തിയാണ് ക്ഷേത്ര കമ്മറ്റിയും നാട്ടുകാരും പിരിഞ്ഞു പോവുന്നത്.
പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റിയും 51 അംഗ വനിത കമ്മറ്റിയും രൂപീകരിച്ച് ചിട്ടയായ പ്രവർത്തനമാണ് വസൂരിമാല വരവാഘോഷം വിജയിപ്പിക്കുന്നതിനായി നടക്കുന്നത്. പ്രവർത്തനങ്ങൾക്കാകെ മറ്റു മതവിഭാഗങ്ങളുടെ സഹകരണവും പങ്കാളിത്തവും പ്രദേശത്തെ മനവീക ഐക്യത്തിന്റെ ഔന്നിത്യം വിളിച്ചോതുന്നതാണ്. ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രയോഗവും സമൂഹസദ്യയും ഒരുക്കിയിട്ടുണ്ട്.