നാട്ടിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്ന മധ്യസ്ഥന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും സജീവം; അറിയാം കോടിക്കല്‍ക്കാരുടെ മന്ദത്തു ചേക്കുട്ടി ഹാജിയെ


നന്തി ബസാര്‍: മന്ദത്തു ചെക്കൂട്ടി ഹാജിയെന്നാല്‍ നന്തി സ്വദേശികളെ സംബന്ധിച്ച് നാട്ടിലെ പ്രധാന കണ്ണിയാണ്. എല്ലാ കാര്യത്തിന്റെയും അവസാനവാക്കാണ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ നാട്ടുകാര്യങ്ങളില്‍ സജീവവുമായിരുന്നു അദ്ദേഹം.

നന്തിയിലെ എല്ലാ മധ്യസ്ഥ ചര്‍ച്ചകളും നടക്കുന്നത് ചെക്കൂട്ടി ഹാജിയുടെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചാണ്. രാഷ്ട്രീയപ്രശ്‌നമായാലും സാമുദായിക പ്രശ്‌നമായാലും കുടുംബപരമായ പ്രശ്‌നമായാലുമെല്ലാം സാമ്പത്തിക പ്രശ്‌നമായാലും മധ്യസ്ഥനായി അദ്ദേഹമുണ്ടാവും. മരിക്കുന്നതിനു മുമ്പ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കും അത്തരത്തിലൊരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. എണ്‍പത്തിരണ്ടാം വയസിലും അദ്ദേഹം നാട്ടുകാര്യങ്ങളില്‍ ഇത്രയേറെ സജീവമായിരുന്നുവെന്നതില്‍ അതിശയം തോന്നിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വിദ്യാഭ്യാസ രംഗത്ത് വളരെയേറെ ശ്രദ്ധപതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. നന്തിയിലെ ശറഫുല്‍ ഇസ്‌ലാം എന്ന മദ്രസ കമ്മിറ്റിയുടെ ജീവനും ഊര്‍ജ്ജവും ചെക്കൂട്ടി ഹാജിയായിരുന്നു. 1960 കള്‍ മുതല്‍ അദ്ദേഹം ഈ കമ്മിറ്റിയുടെ ഭാഗമാണ്. വര്‍ഷങ്ങളോളം ഇതിന്റെ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ പത്തിരുപത് വര്‍ഷമായി ശറഫുല്‍ ഇസ് ലാം കമ്മിറ്റിയുടെ പ്രസിഡന്റാണ്. ഈ കമ്മിറ്റിയ്ക്കു കീഴില്‍ ഒരു പള്ളിയും നഴ്‌സറിയും എയ്ഡഡ് യു.പി. സ്‌കൂളുമുണ്ട്.

നിലവില്‍ കോടിക്കല്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം ഈ ചുമതലയിലുണ്ട്. മുന്‍ സംസ്ഥാന ലീഗ് കൗണ്‍സിലര്‍, കൊയിലാണ്ടി മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്, ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തന സമിതിയംഗം തുടങ്ങിയ നിലയിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോടിക്കല്‍ ഭാഗത്തെ സാംസ്‌കാരിക സംഘടനകളുടെയെല്ലാം നേതൃനിലയില്‍ ചെക്കൂട്ടി ഹാജിയുണ്ടാവും. പ്രദേശത്തെ അംഗന്‍വാടികളുടെയും നഴ്‌സറികളുടെയും ഉന്നമനത്തിനായി തന്നാലാവുംവിധം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായ സൗഹാര്‍ദ്ദത്തിന് ഏറെ ഊന്നല്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളുടെയും ആദരവും ബഹുമാനവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ വിനയത്തോടെ ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹം ആരോടും സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിയോഗം നന്തിയെ സംബന്ധിച്ച് വലിയൊരു നഷ്ടമാണെന്നും പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നു.