വീട് വൃത്തിയാക്കുന്നതിനിടെ ശക്തമായ മഴ പെയ്തതോടെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ കുടുങ്ങി തൊഴിലാളി; താഴെ ഇറക്കിയത് പേരാമ്പ്രയിലെ അഗ്നിരക്ഷാപ്രവര്‍ത്തകര്‍


പേരാമ്പ്ര: വീട് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൂത്താളി മൂരികുത്തിയിലാണ് സംഭവം. കണ്ണിപ്പൊയില്‍ അബ്ദുല്‍ റഷീദിന്റെ വീടിന് മുകളിലാണ് ശുചീകരണ തൊഴിലാളിയായ കിളച്ചപറമ്പില്‍ അഷ്‌റഫ് കുടുങ്ങിപ്പോയത്.

വീടിന്റെ ഷേഡും, പാത്തിയും വൃത്തിയാക്കുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് കാല്‍ വഴുതി അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു സുരക്ഷ സംവിധാനവും ഇല്ലാതെ പണി ചെയ്യുന്നതിനിടയില്‍ ശക്തമായ മഴ പെയ്തതോടെ ഷേയ്ഡില്‍ വഴുക്കലനുഭവപ്പെടുകയായിരുന്നെന്ന് അഷ്‌റഫ് പറഞ്ഞു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സന്‍ പി.സി.പ്രേമന്റെയും നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി എക്സ്റ്റന്‍ഷന്‍ ലാഡര്‍ ഉപയോഗിച്ചാണ് അഷ്‌റഫിനെ താഴെ ഇറക്കിയത്. ഫയര്‍റെസ്‌ക്യൂ ഓഫീസ്സര്‍മാരായ ജി.ബി.സനല്‍രാജ്, എം.ടി മകേഷ് എന്നിവര്‍ മുകളില്‍ കയറി അഷ്‌റഫിനെ സുരക്ഷിതമായി താഴെയിറക്കി.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ.പി.വിപിന്‍, വി.വിനീത്, എം.പി ആരാധ്കുമാര്‍, ഹോംഗാര്‍ഡ്മാരായ എ സി.അജീഷ്, പി.സി.അനീഷ്‌കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: While cleaning the house, the worker got stuck in the sunshade on the second floor when it rained heavily; Fire rescue workers from Perambra helped him.