കനോലി കനാലില്‍ വീണ യുവാവിനെ കണ്ടെത്തി; കണ്ടെത്തിയത് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം


കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ യുവാവിനെ കണ്ടെത്തി. കോഴിക്കോട് കനോലി കനാലില്‍ വീണ കുന്ദമംഗലം സ്വദേശി പ്രവീണ്‍ ദാസിനെയാണ് അബോധാവസ്ഥയില്‍ കനാലില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. നിലവില്‍ പ്രാഥമിക പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സരോവരം കനോലി കനാലില്‍ രാത്രി ഏഴരയോടെയാണ് സംഭവം. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിയുകായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇയാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും പ്രദേശത്ത് ഉള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ കനാലില്‍ ഇറങ്ങി തപ്പിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.