സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്തത് ഇന്നലെ വൈകുന്നേരം, ഇന്ന് ഉച്ചയ്ക്ക് തുറന്നപ്പോള്‍ കണ്ടത് മൃതശരീരം; വെങ്ങളം സ്വദേശിയായ യുവാവിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
ചേമഞ്ചേരി: യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വെങ്ങളം കാട്ടിലെപ്പീടിക താഴെ പീടികശാലകണ്ടി നജ്‌റുഫിനെയാണ് ഇന്ന് ഉച്ചയോടെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് പ്രദേശവാസിയായ സുഹൃത്തിനൊപ്പം നജ്‌റുഫ് ലോഡ്ജില്‍ മുറിയെടുത്തത്. രാത്രിയില്‍ സുഹൃത്ത് ഇവിടെ നിന്ന് പോയതായാണ് വിവരം. ഉച്ചയോടെ മുറി തുറന്ന് നോക്കിയ റൂം ബോയ് ആണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും വിശദമായ പരിശോധന നടത്തി.
ഫോറന്‍സിക് വിദഗ്ധരായ ഫേബില്‍ കോഴിക്കോട്, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി സി.ഐ. ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്.ഐ.ജിതേഷ്, എസ്.ഐ.മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുള്‍ റക്കീബ്, എസ്.സി.പി.ഒ.ഒ.കെ.സുരേഷ്, പ്രവീണ്‍, അജയരാജ് തുടങ്ങിയവര്‍ ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കി. ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ജാഫറിന്റെയും നജീബയുടെയും മകനാണ് നജുറുഫ്. ഭാര്യ: മുഫ്‌ലിയ, മക്കള്‍: മുഹമ്മദ് നിര്‍ഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ, സഹോദരങ്ങള്‍: മഹറൂഫ്, ജഫ്‌ന.