എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു


എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക് അജ്ഞാതന്‍ എടുത്തുചാടുകയായിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗം തട്ടിയ ഇയാള്‍ തെറിച്ച് പോകുകയായിരുന്നു.

മുന്‍ഭാഗത്തിന് തകരാറ് സംഭവിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയ ശേഷം കൊച്ചുവേളിയിലെ യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തി. അപകടം ചൊവ്വാഴ്ചത്തെ സര്‍വ്വീസിനെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.