സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ തീവണ്ടി വഴി കടത്താന്‍ ശ്രമം; കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ യുവാവ് പിടിയില്‍
പാലക്കാട്: 700 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് തീവണ്ടിയില്‍ കടത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍.
കണ്ണൂര്‍ വയല്‍താണ തവക്കല്‍ വീട്ടില്‍ ജംഷീറിനെയാണ് (38) പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ്. പിടികൂടിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷം രൂപയിലധികം വിലവരുമെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ തുടരന്വേഷണത്തിനായി പാലക്കാട് കസ്റ്റംസ് സൂപ്രണ്ട് പ്രിവന്റീവ് യൂണിറ്റിന് കൈമാറി.
ദുബായില്‍ നിന്ന് വിമാനമാര്‍ഗം ശ്രീലങ്ക-ചെന്നൈ വഴിയാണ് സ്വര്‍ണവുമായി ജംഷീര്‍ കൊല്‍ക്കത്തയിലെത്തിയത്. പിന്നീട് തീവണ്ടിമാര്‍ഗം ബിലാസ്പുര്‍വഴി ചെന്നൈയിലെത്തി. അവിടെനിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് പാലക്കാട് ആര്‍.പി.എഫിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് ആര്‍.പി.എഫ്. ജംഷീറിനെ ചോദ്യംചെയ്യുകയായിരുന്നു.
ആര്‍.പി.എഫ്. എസ്.ഐ.മാരായ യു. രമേഷ്‌കുമാര്‍, ടി.എം.ധന്യ, അസി. സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രസന്നന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.