മാലിന്യങ്ങള്‍ റോഡരികിലും പറമ്പിലും തള്ളുന്നവര്‍ക്ക് പിടിവീഴും; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യപരിപാലനത്തിന് പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: വീടുകളിലെ മാലിന്യങ്ങള്‍ ആളൊഴിഞ്ഞ സമയത്ത് റോഡരികില്‍ തള്ളി പോകുന്നവര്‍ക്കും, പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ അവിടിവിടെ വലിച്ചെറിയുന്നവരുമെല്ലാം ഇനി ഈ പണി അധികനാള്‍ തുടരാമെന്ന് കരുതേണ്ട. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കാത്ത കൊയിലാണ്ടിക്കാര്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യപരിപാലനത്തില്‍ സുസ്ഥിരത കൈവരിക്കാനുള്ള പദ്ധതികള്‍ കൊയിലാണ്ടിയിലും തുടങ്ങുകയാണ്.

കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്‌കരണ സംവിധാന ഒരുക്കുക, ഹരിത കര്‍മ്മസേനയെ ശക്തിപ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകള്‍ പാതയോരങ്ങള്‍, മാലിന്യമുക്തമായ ജലസ്രോതസ്സുകള്‍, ഹരിത അയല്‍കൂട്ടങ്ങള്‍, ഹരിത റസിഡന്‍സുകള്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത അങ്കണവാടികള്‍, ഹരിത ഓഫീസുകള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്.

മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കര്‍മ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. നഗരസഭ തല നിര്‍വഹണസമിതി കൃത്യമായ ഇടവേളകളില്‍ ചേര്‍ന്ന് കര്‍മ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തും.

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്‍ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല നിര്‍വഹണ സമിതി രൂപീകരിച്ചു. 2024 ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതല്‍ 2025 മാര്‍ച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ മാലിന്യ പരിപാലനത്തില്‍ സുസ്ഥിരത കൈവരിക്കാനും സമ്പൂര്‍ണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിര്‍വഹണ സമിതി യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.ടി പ്രസാദ് ക്യാമ്പയിന്‍ അവതരണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരസഭ തല പദ്ധതി അവതരിപ്പിച്ചു.

ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സി.പ്രജില യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഇ.ഇന്ദിര, കെ.ഷിജു. ഇ.കെ.അജിത്ത്, നിജില പറവക്കൊടി കൗണ്‍സിലര്‍മാരായ പി.രത്‌നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ് വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് എന്‍.കെഭാസ്‌ക്കരന്‍, അഡ്വ.കെ.വിജയന്‍, പി.കെ.വിശ്വനാഥന്‍, ഇ.എസ്.രാജന്‍ അഡ്വ. ടി.കെ.രാധാകൃഷ്ണന്‍ സിനിയര്‍ പബ്ലിക് ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.

നഗരസഭ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി കെ.എ.എസ് സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ.സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍, ഹരിത കേരള മിഷന്‍ ആര്‍.പി, ശുചിത്വ മിഷന്‍, കെ.എസ്.ഡബ്ല്യു എം.പി എഞ്ചിനിയര്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജന -വിദ്യാര്‍ത്ഥി -മഹിളാ സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഘടക സ്ഥാപന ഉദ്യോഗസ്ഥര്‍ ഹരിത കര്‍മ്മ സേന ഭാരവാഹികള്‍, ആശാവര്‍ക്കര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.