‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)
ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്.
ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ മലയാളികളാണ് കോടിയേരിക്ക് ലോകകപ്പ് വേദിയില്‍ ആദരമര്‍പ്പിച്ചത്. നൗഷദ്, ഫൈസല്‍, മഹ്‌റഫ് എന്നിവരാണ് ഗ്യാലറിയില്‍ കോടിയേരിയുടെ ചിത്രം ഉയര്‍ത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അറുപത്തിയൊന്‍പത് വയസായിരുന്നു.
1953 നവംബര്‍ 16-ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.
പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു.