മലമ്പനി: മേപ്പയ്യൂരില്‍ ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു, പുതുതായി ആര്‍ക്കും രോഗമില്ല


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കഴിഞ്ഞ ദിവസം മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു. കഴിഞ്ഞ ദിവസമാണ് എട്ടാം വാര്‍ഡിലെ അതിഥി തൊഴിലാളി കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

81 ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രദേശവാസികളായ 133 പേരുടെയും രക്തമാണ് പരിശോധിച്ചതെന്ന് മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല എന്നത് ആശ്വാസമായി.

ഇതിനൊപ്പം രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്പ്രേയിങ്, ഫോഗിങ് ഉള്‍പ്പെടെയുള്ള കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടത്തി. ഈ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം പൂര്‍ണ്ണമായി തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം, ടെറസുകള്‍, ഓവര്‍ഹെഡ് ടാങ്കുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡിസ്ട്രിക്റ്റ് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഷിനി.കെ.കെ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ അസിസ്റ്റന്റ് എന്റമോളജിസ്റ്റ് ബിന്ദു.കെ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കൊതുക് സാന്ദ്രതാ പഠനം, കീടനാശിനി തളിക്കല്‍ എന്നിവ നടത്തിയിരുന്നു.