ആർപ്പോ…ഇർർറോ… കുട്ടനാടിന്റെ ആർത്തിരമ്പം ഇങ്ങിവിടെ നമ്മുടെ അകലാപ്പുഴയിലും കേൾക്കാം; കൊടക്കാട്ടുമുറിയിലെ മലബാർ ജലോത്സവം സെപ്റ്റംബർ പത്തിന്, തുഴ പിടിക്കാൻ വനിതകളും


കൊയിലാണ്ടി: കുട്ടനാടൻ ജലോത്സവത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചുകൊണ്ട് മലബാർ ജലോത്സവത്തിനായി ഒരുങ്ങി അകലാപ്പുഴ. സെപ്റ്റംബർ പത്തിനാണ് അകലാപ്പുഴയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളങ്ങൾ കുതിച്ചുപായുക. വള്ളംകളി മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളാകെ.

പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ് തുഴച്ചിൽ മത്സരം.

എല്ലാവരും ഒരേമനസ്സോടെ പങ്കായം താളത്തിൽ കുത്തിയെറിയുന്നതു നയനമനോഹരമായ കാഴ്ചയാണ്. കൈക്കരുത്തും മനക്കരുത്തും ഒത്തിണക്കമുള്ള ടീമും ഫിനിഷിങ് പോയിന്റിൽ ഒന്നാമതായെത്തുന്ന കാഴ്ച ഏവർക്കും സന്തോഷം നൽകുന്നതാണ്. 2018 ൽ നടന്ന ജലോത്സവത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വാർത്തയ്ക്കൊപ്പം ഒരോർമപ്പെടുത്തലായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓണക്കാലമായാൽ ആലപ്പുഴ കുട്ടനാട്ടുകാർക്കു വള്ളംകളി അവർക്കു ആബാലവൃദ്ധ ജനങ്ങൾക്ക് ഹരം പകരുന്ന വിനോദമാണ്. അത് കാർഷിക സമൃദ്ധിയുടെ സന്തോഷം പകരുന്ന ഒരു പ്രകടനം കൂടിയാണ്. അതിന് സമാനമായാണ് മലബാർ പെരുമയ്ക്കു നിറച്ചാർത്തു നൽകാൻ കൊയിലാണ്ടിക്കടുത്ത് കൊടക്കാട്ടുമുറിയിൽ ഓണത്തോടനുബന്ധിച്ചു ജലോത്സവം സംഘടിപ്പിക്കുന്നത്.

മൂന്നു പേർ തൊട്ടു പതിനൊന്നു പേർ വരെ തുഴയുന്ന വള്ളങ്ങളിൽ തുഴച്ചിൽക്കാർ ഇതിനകം പരിശീലനം തുടങ്ങിക്കഴിഞ്ഞു. സ്ത്രീകൾ തുഴയുന്ന വഞ്ചിയാണ് ജലോത്സവത്തിന്റെ പ്രത്യേക ആകർഷണം.

കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ക്യാപ്റ്റന്മാർക്കു ഫ്ളാഗ് ഓഫ് നടത്തലും പ്രത്യേക തുഴച്ചിൽ ഡ്രില്ലും മുഖ്യാതിഥിയുടെ സല്യൂട്ട് സ്വീകരിക്കലും മത്സരങ്ങൾക്ക് മുന്നോടിയായി നടത്തും.

ചരിത്രപ്രസിദ്ധമായ അകലപ്പുഴക്ക് പറയുവാൻ കഥകൾ ഏറെയുണ്ട്. സർ വില്യം ലോഗൻ മലബാർ മാനുവലിൽ അകലപ്പുഴയുടെ പ്രത്യേകതകൾ വിവരിക്കുന്നുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ ഒരു കാലഘട്ടത്തിലെ ജീവിതോപാധി കൂടിയായിരുന്നു ഈ പുഴ. ആറ്റുമണൽ വാരിയും കക്ക ശേഖരിച്ചും മത്സ്യം പിടിച്ചുമെല്ലാമാണ് പുഴയോരത്തുള്ളവർ ഉപജീവനം നടത്തിയിരുന്നത്.

കൊടക്കാട്ടുമുറിയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകരും വീവൺ കലാസമിതിയുമാണ് ജലോത്സവത്തിന്റെ സംഘാടകർ. 2017മുതൽ ജലോത്സവം ജില്ലാ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരികയാണ്.

2019 ൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ആ വർഷം ജലോത്സവം നടത്താന്ർ സാധിച്ചില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരിയും ജലോത്സവത്തിന്റെ വഴി മുടക്കി. മുടങ്ങിപ്പോയ വള്ളംകളി ആവേശം ഒട്ടും ചോരാതെ ഈ വർഷം കൂടുതൽ ഭംഗിയായി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

മുൻവർഷങ്ങലിൽ ജലോത്സവം കണ്ട് ആസ്വദിക്കാൻ ആയിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്. നെല്യാടി ടൂറിസം കേന്ദ്രമായി വികസിച്ച് വരുന്ന ഈ സമയത്ത് അതിലേറെ ആളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷത്തെ ജലോത്സവം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് വീവൺ കലാസമിതി സെക്രട്ടറി ശ്രീജിത്തും സംഘാടകസമിതി കൺവീനർ സിജിഷും പറയുന്നു.

അകലപ്പുഴ ശാന്തമായി പരന്നൊഴുകുന്നതും താരതമ്യേന നിശ്ചല തടാകത്തിന്റെ രൂപത്തിലാകയാലും ഇവിടം ജലമേളക്കനുയോജ്യമായ പുഴയാണ്. ഇക്കാരണത്താൽ ഈ ജലമേള ചാംമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമാക്കി വരും കാലങ്ങളിൽ ഈ ജലമേളയുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ജലോത്സവ സംഘാടക സമിതി ജനറൽ കൺവീനർ സിജീഷ് ടൂറിസം വകുപ്പിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ പോയ രണ്ടുവർഷക്കാലത്തെ അനിശ്ചിതത്വത്തിൽ നിന്നും ഈ ഓണക്കാലം വിവിധ കലാകായിക പരിപാടികളുമായി നാട്ടിൻപുറത്തെ യുവാക്കൾ ഉത്സാഹത്തിമർപ്പിലാണെന്ന് മുൻ എം.എൽ.എ കെ.ദാസൻ പറഞ്ഞു. ഈ സന്ദർഭത്തിൽ മലബാർ ജലോത്സവം സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റിനും വീവൺ കലാസമിതിക്കും ആശംസകൾ അർപ്പിക്കുന്നതായും നെല്ലിയാടി ടൂറിസം പദ്ധതിയുടെ ഒരു മുഖ്യാകർഷണമായി മലബാർ ജലോത്സവം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.