കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളമാക്കി മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്


കൊയിലാണ്ടി: അര നൂറ്റാണ്ടിനു ശേഷം ഉത്സവം കൊണ്ടാടുന്ന മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമലയിലേക്കുള്ള യാത്രക്കാർക്കുള്ള ഇടത്താവളമാക്കി മാറ്റാൻ കഴിയുമോയെന്ന് ദേവസ്വം ബോർഡ് പരിശോധിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി. കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

പുതിയ ദേശീയപാത നിലവിൽ വരുമ്പോൾ കർണാടകത്തിൻ്റെയും കേരളത്തിൻ്റേയും വടക്കൻ മേഖലകളിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള പ്രധാന കേന്ദ്രമായി ഇത് മാറ്റാൻ കഴിയും. പൈതൃക സംരക്ഷണ പദ്ധതി പ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടൂറിസത്തിൻ്റേയും ദേവസ്വം വകുപ്പിൻ്റേയും നേതൃത്വത്തിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ദേവസ്വം ബോർഡിന് കീഴിൽ നടപ്പാക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയിരിക്കയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലടക്കം ഇത്തരം ഫണ്ടുകൾ ഉപയോഗിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. കൊണ്ടം വള്ളിയിൽ ക്ഷേത്രവും കുളവുമെല്ലാം പ്രസിഡൻ്റ് സന്ദർശിച്ചു. അര നൂറ്റാണ്ടിലപ്പുറം നടന്ന മഹോത്സവത്തിൻ്റെ ഓർമ്മകൾ മുതിർന്നവരിൽ നിന്നും കേട്ടു. മലബാർ ദേവസ്വം ബോർഡംഗം കെ.ലോഹ്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മുൻ എം.എൽ.എ പി.വിശ്വൻ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വേണു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.വേണു, ക്ഷേത്ര ഭാരവാഹികളായ ബിജുലാൽ, പി.ഉണ്ണികൃഷ്ണൻ, ആഘോഷ കമ്മറ്റി ഭാരവാഹികളായ എ.എം.മനോജ് കുമാർ, ടി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ സ്വീകരിച്ചു.