ഇനി സുഖമായി യാത്ര ചെയ്യാം; അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു


 

മാഹി: അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു. അറ്റകുറ്റപ്പണിക്കായി ഏപ്രില്‍ 28നു ആണ് പാലം പൂര്‍ണമായും അടച്ചത്. ആദ്യം മെയ് 10നു തുറക്കും എന്നാണ് അറിയിച്ചത്. പിന്നീട് 18വരെ നീട്ടുകയായിരുന്നു.

ടാറിങ് പൂര്‍ണമായും അടര്‍ത്തി മാറ്റി നാലില്‍ രണ്ട് എക്‌സ്പാന്‍ഷന്‍ ജോയിന്റ് പൂര്‍ണമായും രണ്ട് ഭാഗികമായും മാറ്റി. എക്‌സ്പാന്‍ഷന്‍ ജോയിന്റ് കോണ്‍ക്രീറ്റ് കൃത്യമായി ചേരാന്‍ 10 ദിവസം വേണം എന്നതാണ് പാലം തുറക്കുന്നത് വൈകാന്‍ കാരണം. ജോയിന്റുകള്‍ മാറ്റുന്ന ജോലി നീണ്ടു പോയതും പ്രശ്‌നമായി.

19.33 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. കോഴിക്കോട് ബിഡബ്ല്യൂഡി എന്‍എച്ച് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടന്നത്. പകലും രാത്രിയിലുമായാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

പാലം അടച്ചതോടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു. ബസുകള്‍ പാലത്തിന്റെ ഇരു ഭാഗങ്ങളില്‍ സര്‍വീസ് അവസാനിപ്പിച്ചു. അതിനാല്‍ യാത്രക്കാര്‍ കനത്ത വേനലില്‍ പാലം കടന്നു ഇരു ഭാഗത്തും എത്തിയത് ഏറെ പ്രയാസപ്പെട്ടാണ്.