നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കരിന്തളം കൊല്ലംമ്പാറ സ്വദേശി കെ.ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, കീണാവൂർ സന്ദീപ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
ഒക്ടോബർ 28 ന് രാത്രിയാണ് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ വെടിപ്പുരയ്ക്ക് തീപ്പടർന്ന് അപകടം നടന്നത്. അപകടത്തില്‍ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പടക്കം പൊട്ടിച്ചവരുമടക്കം നാലുപേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമക്കേസും ചുമത്തി. ആകെ എട്ടുപേരെ പ്രതിചേർത്തിട്ടുണ്ട്.
Summary: Nileswaram fireworks accident; One more youth who was being treated for injuries died; Death is four