‘പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി’; വിശ്വസിക്കാനാവുന്നില്ല, വിദേശത്ത് പോയതുപോലെ’; തലശ്ശേരി – മാഹി ബൈപ്പാസിനെക്കുറിച്ച് എം.മുകുന്ദന്‍


വടകര: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുള്ള യാത്ര വിശ്വസിക്കാനാവുന്നില്ലെന്നും വിദേശത്ത് പോയതുപോലെയാണെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്‍. ബൈപ്പാസ് പോലെയാള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നിശ്ചയദാര്‍ഢ്യം വേണം. പ്രതിസന്ധികളെ നേരിടാനുള്ള ഒരു ഇച്ഛാ ശക്തി വേണം. അത് നമ്മുടെ പിണറായി സര്‍ക്കാര്‍ കാണിച്ചു തന്നുവെന്നും അദ്ധേഹം പറഞ്ഞു.

തലശ്ശേരി മാഹി ബൈപ്പാസിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു എം.മുകുന്ദന്റെ പ്രതികരണം. ”സ്ഥലമേറ്റെടുത്തപ്പോള്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല ഇത്ര വേഗം തലശ്ശേരി മാഹി ബൈപ്പാസ് നടപ്പിലാകുമെന്ന്. കാരണം ഏകദേശം 40-45 വര്‍ഷമായി നടക്കാത്തൊരു കാര്യമാണിത്. ഇത്ര പെട്ടെന്ന് നടക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നിശ്ചയദാര്‍ഢ്യം വേണം. ഇച്ഛാശക്തി വേണം.പ്രതിസന്ധികളെ നേരിടാനുള്ള ഒരു ഇച്ഛാശക്തി അത് നമ്മുടെ പിണറായി സര്‍ക്കാര്‍ കാണിച്ചു. ചിലപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നമുക്ക് വിഷമം തോന്നും. കാരണം വളരെ കാലം മുമ്പ് ഈ മാറ്റം വന്നിരുന്നെങ്കില്‍ ഈ പ്രദേശമാകെ മാറിയേനെ. സത്യം പറഞ്ഞാല്‍ ബൈപ്പാസിലൂടെ നടന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിദേശത്ത് പോയതു പോലെ. അവിടെയാണ് നമ്മള്‍ ഇതുപോലെയുള്ള വലിയ ഹൈവേകള്‍ കാണുന്നത്. മാത്രമല്ല ബൈപ്പാസിലൂടെ പോവുമ്പോഴാണ് നാടിന്റെ ഭംഗി കാണുതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 11നായിരുന്നു തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം. 18.6 കിലോമീറ്റര്‍ ദൂരമുള്ള തലശ്ശേരി – മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമായതോടെ ഏറെക്കാലമായുള്ള യാത്രാദുരിതത്തിനും ഗതാഗതക്കുരത്തിനും പരിഹാരമായിരിക്കുകയാണ്. 2018 ഒക്ടോബര്‍ 30ന് പ്രവൃത്തി ആരംഭിച്ച പാതയുടെ മതിപ്പ് ചെലവ് 1181 കോടി രൂപയാണ്. കഴിഞ്ഞ 2020 മേയില്‍ പാത തുറന്നു കൊടുക്കേണ്ടതായിരുന്നു. പ്രളയവും കൊവിഡും കാരണം പണി നിര്‍ത്തി വയ്‌ക്കേണ്ടി വന്നതിനാല്‍ വൈകി.

കാലം തെറ്റി ഉണ്ടായ മഴയും പ്രതികൂലമായി. തുടര്‍ന്ന് കലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു. 893 കോടി രൂപയാണ് ബൈപ്പാസിനായി അനുവദിച്ചത്. ആയിരം കോടിയിലേറെ രൂപ ഇതിനകം പദ്ധതിക്ക് ചെലവഴിച്ചു.