ഹണിബീ, എം.സി, ജവാന് തുടങ്ങിയ ജനപ്രിയ ബ്രാന്റുകള്‍ കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യഷോപ്പില്‍ കിട്ടാനില്ലെന്ന് പരാതി
കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യ ഷോപ്പില്‍ ജനപ്രിയ ബ്രാന്റുകള്‍ കിട്ടാനില്ലെന്ന് പരാതി. സാധാരണക്കാര്‍ വാങ്ങുന്ന എം.സി, ഹണിബീ, എംസി സെലിബ്രേഷന് റം, ജവാന്, 8 പി.എം, ഹണി വെല്‍, ഓള്‍ഡ് മോങ്ക്, ബ്ലണ്ടര്‍ ചോയ്സ്, മലബാര്‍ തുടങ്ങിയ മദ്യ ബ്രാന്റുകള്‍ കിട്ടാനില്ലെന്നാണ് പരാതി.
ഈ മദ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. വില കൂടിയ ജീവനക്കാര്‍ക്ക് കൂടുതല്‍ കമ്മീഷന് ലഭിക്കുന്ന ബ്രാന്റുകളാണ് കൂടുതലായി ഉള്ളതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അതിനാല്‍ മദ്യം വാങ്ങുന്നതിനായി കൊയിലാണ്ടിയിലെ നിരവധി ഉപഭോക്താക്കള്‍ പയ്യോളി ബിവറേജിനെയാണ് ആശ്രയിക്കേണ്ടി വരികയാണ്.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും സാധനങ്ങള്‍ കൃത്യമായി കിട്ടാത്തതിനാലാണ് ഈ ബ്രാന്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നതെന്ന് കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രത്തിലെ മാനേജറായ ഗിരീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും 30% മദ്യമോ മറ്റോ ആണ് കണ്‍സ്യൂമര്‍ ഫെഡിന് അനുവദിക്കുകയെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ കിട്ടുന്നത് കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി എന്നിവിടങ്ങളിലുള്ള മൂന്ന് കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ബിവറേജസ് കോര്‍പ്പറേഷനിലെ സാധനങ്ങളേക്കാള്‍ കൂടുതല്‍ സ്റ്റോക്കും സെയിലും കണ്‍സ്യൂമര്‍ ഫെഡ് കേന്ദ്രങ്ങളിലുണ്ട്. പ്രീമിയം ഐറ്റംസൊക്കെ ഇവിടെയുണ്ട്. എന്നാല്‍ ജനപ്രിയ ബ്രാന്റുകള്‍ എവിടെയുമില്ല. പത്തോ ഇരുപതോ പീസ് മാത്രമാണ് വരുന്നത്. അത് ഉടനെ തീര്‍ന്നുപോകുന്ന അവസ്ഥയാണ്. എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷനുകളും മദ്യക്കമ്പനികളും തമ്മിലുള്ള പെര്‍മിറ്റ് വിഷയത്തിലെ ചില പ്രശ്നങ്ങള്‍ കാരണമാണ് ചില ബ്രാന്റുകള്‍ ആവശ്യത്തിന് എത്താത്തതെന്നാണ് മനസിലാക്കുന്നതെന്നും ഗിരീഷ് വ്യക്തമാക്കി.