പണിമുടക്ക് ദിവസം നാട്ടുകാര്‍ കൈകോര്‍ത്തു; മൂരാട് പാലത്തിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കി
പയ്യോളി: പണിമുടക്ക് ദിവസം ദേശീയപാതയിലെ മൂരാട് പാലം ഗതാഗതയോഗ്യമാക്കി നാട്ടുകാര്‍. പണിമുടക്കിനെ അനുകൂലിക്കുന്നവര്‍ ഉള്‍പ്പെടെ കൈകോര്‍ത്തപ്പോള്‍ പാലത്തിലെ റോഡിലെ കുഴികള്‍ അടഞ്ഞു. പണിമുടക്കിന് ശേഷം ഇതിലെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് ഇതോടെ യാത്ര സുഗമമാകും.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മൂരാട് പാലം. വീതി കുറഞ്ഞ ഈ പാലത്തിലൂടെ ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ വാഹനങ്ങള്‍ കടത്തി വിടൂ. എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള പാലമാണ് ഇത്.
ദേശീയപാത ആറ് വരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി അതിദ്രുതം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പഴയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നുണ്ട്. ദേശീയപാതാവികസനം നടക്കുന്നതിനാല്‍ അധികൃതര്‍ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കയ്യൊഴിഞ്ഞ മട്ടാണ്.
പാലത്തിലെ കുഴികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ പതിവായതോടെയാണ് നാട്ടുകാര്‍ പണിമുടക്ക് ദിവസം സ്വന്തം നിലയ്ക്ക് പാലത്തിലെ അറ്റകുറ്റപ്പണിക്ക് മുന്നിട്ടിറങ്ങിയത്.