‘മണ്ണെടുക്കുന്നത് ചെങ്കുത്തായ മല ഇടിച്ച്, മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗവും ഇടിക്കുന്നു, കുന്നിന് ബലക്കുറവ് സംഭവിച്ചാൽ പ്രദേശവാസികളുടെ ജീവന് ഭീഷണി’; പുലപ്രകുന്നിൽ പ്രതിഷേധം ഇരമ്പുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതില്‍ പ്രക്ഷോഭം ശക്തമാക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പല നിബന്ധനകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സ്വകാര്യ കമ്പനിയായ വാഗാഡിന്റെ നേതൃത്വത്തില്‍ മണ്ണ് ഖനനം നടത്തുന്നതെന്ന് പ്രദേശവാസികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ ആറേക്കറില്‍നിന്ന് 12,500 ടണ്‍ മണ്ണെടുക്കാന്‍മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ അതിലും എത്രയോ ഇരട്ടി മണ്ണെടുത്തതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.
ജിയോളജി നിര്‍ദേശം നടപ്പാക്കാതെ ചെങ്കുത്തായ മല ഇടിച്ചാണ് മണ്ണുഖനനം നടത്തുന്നത്. മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗം കൂടെ ഇടിച്ച് മണ്ണെടുക്കുന്നതിനാല്‍ കുന്നിന് ബലക്കുറവ് സംഭവിക്കുമെന്നും ഇത് കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നതായും പറഞ്ഞു.
കുന്നിന് താഴെയുള്ള പ്രദേശത്ത് വീടുകളും സ്‌കൂളും അംഗനവാടിയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഖനനം വലിയതോതില്‍ നടക്കുന്നതോടെ പ്രദേശത്ത് മഴക്കാലമാവുന്നതോടെ വലിയ ദുരന്തങ്ങള്‍ വരെ സംഭവിക്കാവുന്നതാണ്. വരും കാലങ്ങളില്‍ കുടിവെള്ളക്ഷാമത്തിനും കാരണമായേക്കാംമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രദേശവാസികളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ പി പ്രകാശന്‍ ചെയര്‍മാനും സിഭില ചന്ദ്രന്‍ കണ്‍വീനറുമായി ഏപ്രില്‍ 30ന് മഞ്ഞക്കുളം എ.എല്‍.പി. സ്‌കൂളില്‍ പുലപ്രക്കുന്ന് മണ്ണെടുപ്പ് വിരുദ്ധ ജനകീയസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് നാട്ടുകാര്‍ പറഞ്ഞു. മണ്ണെടുപ്പ് നേരിട്ട് തടയുന്നതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന വേണ്ട നടപടികള്‍ സ്വീകരിക്കുകയും നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ ഇത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അറിയിച്ചു.
summary: locals in Meppayur are protesting against soil mining in Pulaprakunn