ഫാറ്റിലിവറിനെ പേടിക്കാതെ ജീവിക്കാം; ആഹാരകാര്യത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കരളിന്റെ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് ആരോഗ്യകരമായ ജീവിതത്തില്‍ അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി ഇതിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം കരളില്‍ കൊഴുപ്പ് അടഞ്ഞുകൂടുകയും ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.

ഏറെ ശ്രദ്ധിക്കേണ്ട രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കരള്‍വീക്കം പോലുള്ള പ്രശ്‌നങ്ങളിലേക്കും ചിലപ്പോള്‍ മരണത്തിലേക്ക് തന്നെയും എത്താം.

ഫാറ്റിലിവര്‍ പിടികൂടാതിരിക്കാന്‍ ആഹാരകാര്യത്തിലും ജീവിതശൈലികളിലും ഏറെ ശ്രദ്ധ ചെലുത്തണം. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നതില്‍ ശ്രദ്ധ നല്‍കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, മധുര പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം ഇവ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും.

അമിതവണ്ണവും പ്രശ്‌നമാണ്. അമിതഭാരം കുറയ്ക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കുക. വ്യായാമം കലോറി കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയെല്ലാം ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കുന്നു.

മദ്യം കരള്‍ തകരാറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക ചെയ്യുന്നു. ഫാറ്റി ലിവര്‍ രോഗമുണ്ടെങ്കില്‍ കരള്‍ തകരാറിലാകുന്നത് തടയാന്‍ മദ്യപാനം പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകളെ നിയന്ത്രിക്കുക. കാരണം ഇവ ഫാറ്റി ലിവര്‍ രോഗത്തിനും അതിന്റെ സങ്കീര്‍ണതകള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.