ലിത്താരയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തിക്കും; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല



കോഴിക്കോട്:
പാട്‌നയിലെ ജോലി സ്ഥലത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വട്ടോളി പാതിരിപ്പറ്റയിലെ കത്തിയണപ്പന്‍ ചിലില്‍ കരുണന്റെ മകള്‍ ലിത്താരയുടെ മൃതദേഹം മാതൃസഹോദരന്‍ ഏറ്റുവാങ്ങി.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ന്യൂഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിനുള്ള വിമാനമാര്‍ഗം ഇന്ന് രാത്രി എട്ടുമണിയോടെ കോഴിക്കോട്ട് എത്തിക്കും.

മൃതദേഹം കോഴിക്കോട്ട് എത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആലോചന നടന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ലിത്താരയുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ മതിയെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിനു മുമ്പ് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യമുയര്‍ന്നത്.

വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളാണ് ലിത്താര. പട്‌നഗാന്ധി നഗറിലെ ഫ്‌ളാറ്റിലാണ് കഴിഞ്ഞ ആറുമാസമായി താമസിക്കുന്നത്. പട്‌ന ദാനാപൂരിലെ ഡി.ആര്‍.എം ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

വീട്ടുകാര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ ആയതിനാല്‍ ഉടമ പോലീസില്‍ അറിയിക്കുകയും പോലീസ് വന്നു തുറന്നു നോക്കിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കളും, നാട്ടുകാരും ബിഹാറില്‍ എത്തിയിട്ടുണ്ട്.
[bot1]