ജീവിതത്തിന്റെ മുക്കാല്‍പങ്കും പാര്‍ട്ടിയെ എല്ലാമെല്ലാമായി കണ്ട് ജീവിച്ച കമ്മ്യൂണിസ്റ്റ്, ടി.പി വധത്തിന് പിന്നാലെ തുടങ്ങിയ തിരിഞ്ഞുനടത്തം; കെ.കെ മാധവേട്ടന്റെ ജീവിതത്തിലൂടെ
പേരാമ്പ്ര: ഒരു തലമുറയുടെ കമ്മ്യൂണിസത്തിന്റെ ചരിത്രം പേറി ജീവിച്ച വ്യക്തിത്വമായിരുന്നു കെ.കെ.മാധവന്‍. വിമോചന പ്രവര്‍ത്തനങ്ങളോടുള്ള അടങ്ങാത്ത ആവേശം സിരകളില്‍ ആര്‍ത്തിരമ്പിയ യൗവ്വനം ഒരു പ്രസ്ഥാനത്തിന് സന്തോഷത്തോടെ സമ്മാനിച്ച ഒരുപാട് കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു അദ്ദേഹം. അവിഭക്ത കമ്മ്യൂസ്റ്റുപാര്‍ട്ടിക്കാലത്തേ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തനം. 1956ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുകുന്നത്. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
അക്കാലത്ത് നടുവണ്ണൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം അത്ര സജീവമായിരുന്നില്ല. കാവുംതറ, കരുവണ്ണൂര്‍, മന്ദംകാവ് എന്നിവിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് സജീവം. നടുവണ്ണൂരില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.
1958ലാണ് ദേശാഭിമാനി ഏജന്റാകുന്നത്. ഇരുപത് കൊല്ലത്തോളം ദേശാഭിമാനി ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. പതിനഞ്ച് കൊല്ലത്തിലധികം ബാലുശ്ശേരി ഏരിയാ ലേഖകനും. കലാസമിതിയുടെയും നാടകങ്ങളുടെയും പ്രവര്‍ത്തനങ്ങളിലും ഒരുകാലത്ത് സജീവമായിരുന്നു.
1964ല്‍ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഎമ്മില്‍ നിലകൊണ്ട അദ്ദേഹം സി.പി.എം നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി. തുടര്‍ന്ന് ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67-ല്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടര്‍ന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി മൂന്നുതവണ (8 വര്‍ഷം) പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1979 മുതല്‍ അഞ്ച് വര്‍ഷം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു. തുടര്‍ന്ന് ആദ്യത്തെ ജില്ലാ കൗണ്‍സില്‍ വന്നപ്പോള്‍ അതില്‍ അംഗവുമായിരുന്നു. 2012 മെയ് നാലിന് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതത്തിനുശേഷമാണ് കെ.കെ.മാധവന്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുതുടങ്ങിയത്. അപ്പോഴും പാര്‍ട്ടിയാകെ ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഈ അകല്‍ച്ചയാണ് 2012ല്‍ അദ്ദേഹം പൂര്‍ണമായി ‘ഇനി ഞാന്‍ ഈ പാര്‍ട്ടിയിലില്ല’ എന്ന് പ്രഖ്യാപിക്കുന്നതിലേക്കെത്തുന്നത്. ‘സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ച് തീരുമാനിച്ച് കഴിഞ്ഞു. ഇത് ആദ്യമായാണ് ഞാന്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. എന്റെ തിക്താനുഭവങ്ങളാണ് ഈ തീരുമാനമെടുപ്പിച്ചത്. കേന്ദ്രനേതൃത്വമെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടതിനുശേഷം 3 തവണ പ്രകാശ് കാരാട്ടിന് കത്തെഴുതി. മലയാളത്തിലും ഇംഗ്ലീഷിലും. ഫാക്സ് അയച്ചു. എന്റെ കത്ത് നിസ്സാരമായിരിക്കാം. എങ്കിലും ഞാന്‍ ഉന്നയിച്ച വിഷയം നിസ്സാരമല്ല.’ പാര്‍ട്ടിവിട്ടശേഷം സി.പി.എമ്മിനോട് എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെ.കെ.മാധവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. അവസാനംവരെ അദ്ദേഹം ഈ നിലപാടില്‍ ഉറച്ചുതന്നെയായിരുന്നു.