കെ.എസ്.എഫിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി, അടിയന്തരാവസ്ഥയ്‌ക്കെതിരെയും മിച്ചഭൂമി സമരത്തിലും പോരാടിയ സമരയുവത്വം; മാവോ കുഞ്ഞിരാമേട്ടന്‍ വിടവാങ്ങുന്നത് ഈ നാടിന്റെ ചരിത്രത്തില്‍ ഒരേട് അവശേഷിപ്പിച്ച്


മേപ്പയ്യൂര്‍: നിരന്തരം രാഷ്ട്രീയത്തില്‍ ഇടപെടുന്ന, ലോക രാഷ്ട്രീയത്തെക്കുറിച്ചും ബഹുജന പോരാട്ടങ്ങളെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാം നിരന്തരം വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന നരക്കോട് ചക്കിട്ടകണ്ടിയില്‍ കുഞ്ഞിരാമന്‍ നായര്‍ക്ക് നാട്ടുകാരിട്ട വിളിപ്പേരാണ് ‘മാവോ’. ‘മാവോ കുഞ്ഞിരാമേട്ടന്‍’ എന്ന വിളിയെ അദ്ദേഹവും തെല്ലൊരു അഭിമാനത്തോടെയാവണം കേട്ടത്. മേപ്പയ്യൂരിനെ സംബന്ധിച്ച് അതിന്റെ പഴയ കാല രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരുപോരാളിയാണ് കുഞ്ഞിരാമന്‍ നായര്‍.

കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ അഥവാ കെ.എസ്.എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ചുവടുവെച്ചത്. കെ.എസ്.എഫിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായിരുന്നു. പിന്നീട് കര്‍ഷ തൊഴിലാളി യൂണിയനിലും സജീവമായിരുന്നു. പിന്നീട് ഏറെക്കാലം സി.പി.എമ്മിനൊപ്പം നിന്നുപ്രവര്‍ത്തിച്ചു. സി.പി.എമ്മിന്റെ കാരയാട്, തിരുവങ്ങായൂര്‍ ബ്രാഞ്ച് അംഗമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ മേപ്പയ്യൂര്‍ മേഖലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അദ്ദേഹവും മുന്‍നിരയിലുണ്ടായിരുന്നു. പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി അദ്ദേഹത്തെ കരുതല്‍ തടങ്കലിലിട്ടിരുന്നു.

കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിച്ചഭൂമി സമരത്തിലും സജീവമായിരുന്നു. എം.വി.ആര്‍ പാര്‍ട്ടി വിട്ടുപോകുന്ന സമയത്താണ് അദ്ദേഹം സി.പി.എം വിടുന്നത്. തുടര്‍ന്ന് സി.എം.പി പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയ രംഗത്ത് നിന്ന് പിന്‍വാങ്ങുന്നതാണ് കണ്ടത്. പ്രമുഖ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ടി.പി.രാമകൃഷ്ണന്‍, വി.വി.ദക്ഷിണാമൂര്‍ത്തി സി.എം.പി നേതാവായിരുന്ന എം.പി.രാഘവന്‍, സി.പി.ജോണ്‍ എന്നിവരുമായെല്ലാം വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നയാളായിരുന്നു കുഞ്ഞിരാമന്‍ നായര്‍.