പത്തൊമ്പതാം വയസില്‍ സൈന്യത്തിലേക്ക്, അര്‍ബുദത്തോട് മല്ലിട്ടപ്പോഴും രാജ്യത്തിനായി പൊരുതി; ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി
ചെറുവണ്ണൂര്‍: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ചെറുവണ്ണൂര്‍ സ്വദേശി ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച മൃതദേഹം രാത്രി 10മണിയോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജേഷിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ഇന്നലെ രാവിലെയോടെയായിരുന്നു രാജേഷ് നായരുടെ മരണം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പത്തൊമ്പതാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന രാജേഷിന്റെ വഴികാട്ടി അച്ഛന്‍ സുബൈദാര്‍ കുഞ്ഞിരാമന്‍ നായരായിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് രാജ്യ സേവനത്തിന് ഇറങ്ങിയ രാജേഷ് കഴിഞ്ഞ കുറേ വര്‍ഷമായി ജോലിയും ചികിത്സയുമായി ബാംഗ്ലൂരില്‍ തന്നെയായിരുന്നു. കഴിഞ്ഞ മാസം നാട്ടില്‍ കുടുംബസമേതം വന്നിരുന്നെങ്കിലും പെട്ടെന്നെ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി.
ചെറിയ പ്രായത്തില്‍ തന്നെ ജോലിക്കായി മറ്റു നാടുകളിലേക്ക് പോയ രാജേഷ് വളരെ വിരളമായാണ് നാട്ടിലേക്ക് വരാറുണ്ടായിരുന്നത്. വന്നാല്‍ മുഴുവന്‍ സമയവും നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സമയം ചിലവഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാജേഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ധേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല.
‘ഡല്‍ഹിയിലും മറ്റും പോവുമ്പോള്‍ എന്താവശ്യത്തിനും രാജേഷ് ഉണ്ടാവുമായിരുന്നെന്നും, ആത്മസുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് രാജേഷിന്റെ ആത്മ സുഹൃത്തായ ചെറുവണ്ണൂര്‍ സ്വദേശി സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
സൈന്യത്തിലെ പോസ്റ്റര്‍ സര്‍വ്വീസില്‍ ജോയിന്‍ ചെയ്ത രാജേഷ് നിലവില്‍ എസ്‌സി സെന്റർ & റെക്കോർഡ്‌സ് ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്നു. അര്‍ബുദ രോഗ ബാധിതനായി വേദനകളോട് മല്ലിടുമ്പോഴും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാജേഷ് തയ്യാറായിരുന്നില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം പോരാടിയ രാജേഷിന് ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറിൽ നടന്ന സൈനിക ഓപ്പറേഷൻ ഒപി രക്ഷകിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ് ലഭിച്ചിരുന്നു.