അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍, ശാസ്ത്രവിചാര പുലരി പിറക്കാന്‍ എന്ന മുദ്രാവാക്യം ഏറ്റുപറഞ്ഞ് കൊയിലാണ്ടിയും; ജനചേതന യാത്രയ്ക്ക് വന്‍ വരവേല്‍പ്പ്


കൊയിലാണ്ടി: അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍, ശാസ്ത്രവിചാര പുലരി പിറക്കാന്‍ എന്ന മുദ്രാവാക്യവുമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജനചേതന യാത്രക്ക് കൊയിലാണ്ടിയില്‍ വന്‍വരവേല്‍പ്പ്. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണനാണ് വടക്കന്‍ മേഖല ജനചേതന യാത്ര നയിക്കുന്നത്.

കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കെ.ടി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, എന്‍.ശങ്കരന്‍ മാസ്റ്റര്‍, ഇ.കെ.അജിത്ത്, കെ.നാരായണന്‍, കെ.വി.രാജന്‍ എന്നിവര്‍സംസാരിച്ചു.

ചടങ്ങില്‍ ദാമു മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന് കെ.വി.കുഞ്ഞികൃഷ്ണന്‍ നല്‍കി. അഖില കേരള വായനാ മത്സര വിജയികള്‍ക്ക് ഉപഹാരം ജാഥാ മാനേജര്‍ പി.വി.കെ. പനയില്‍ സമ്മാനിച്ചു. ഇതോടനുബന്ധിച്ച് കലാ ജാഥയിലെ കലാകാരന്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. താലൂക്കിലെ 181 ലൈബ്രറികളില്‍ നിന്നും പ്രവര്‍ത്തകര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.