കുത്തനെ പാറ കയറി ഒരു സാഹസിക യാത്ര, വരൂ…കര്‍ണാടകയിലെ മധുഗിരിയിലേക്കൊരു യാത്ര പോവാം!


ഓരോ യാത്രയും വിലമതിക്കാനാവാത്ത ഓര്‍മകളാണ് നമുക്ക് തരുന്നത്. കാടും മലയും കുന്നും കയറിയിറങ്ങി യാത്രകള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ അതൊന്നുവേറെ തന്നെയാണ്. ചിലര്‍ ഗ്രൂപ്പുകളായി യാത്രകള്‍ ചെയ്യുമ്പോള്‍ മറ്റു ചിലരാകാട്ടെ ഒറ്റയ്ക്കാണ് യാത്രകള്‍ ചെയ്യുന്നത്. ഏങ്ങനെ ആണെങ്കിലും യാത്രകളെന്നാല്‍ അതിമനോഹരം തന്നെയാണ്. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തയും ഇരിങ്ങത്ത്‌ സ്വദേശിയുമായ സൂര്യഗായത്രി കര്‍ണാടകയിലെ മധുഗിരിയിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ വിശേഷങ്ങള്‍ അറിയാം.

 

മധു​ഗിരി

നിരവധി യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു മോണോലിത്തിലേക്കുള്ള യാത്ര ആദ്യമായിട്ടായിരുന്നു. അതും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മോണോലിത്തായ മധു​ഗിരിയിലേക്ക്. ലോകത്ത് പലതരത്തിലുള്ള കുന്നുകൾ ഉണ്ടെങ്കിലും ചിലതിനെ മാത്രമാണ് മോണോലിത്തായി പരി​ഗണിക്കുന്നത്. എന്തെന്നാൽ ഏകശിലാരൂപത്തിൽ ഇവിടെ ശിൽപങ്ങൾ കൊത്തിയെടുത്തിരിക്കുന്നതിനാലാണിത്.

 

കർണാടകയിലെ തുംകൂർ ജില്ലയിലെ ഒരു പട്ടണമായ മധുഗിരിയിലാണ് മധുഗിരി കുന്ന് സ്ഥിതിചെയ്യുന്നത്. കുന്നിന് മുകളിൽ ഒരു കോട്ടയും ഗോപാലകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേ പണികഴിപ്പിച്ചതാണ് ഇവ രണ്ടും. ഇതിന്റെ അവശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്. സമദ്രനിരപ്പിൽ നിന്ന് 3,930 അടി ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്.

 

നവംബർ രണ്ടിന് പുലർച്ചെ 4.30ന് ബാം​ഗ്ലൂർ സർജാപുരിൽ നിന്നും ഞങ്ങൾ യാത്ര ആരംഭിച്ചു. പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് രാവിലെ 8.30 ഓടെ മധു​ഗിരി കുന്നിന് താഴെയെത്തി. പാറയിലൂടെ മുകളിലേക്ക് കയറേണ്ടതിനാൽ ചെറിയ എക്സസെെസ് ഒക്കെ ചെയ്താണ് യാത്ര തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ ശരിയായ രീതിയിലുള്ള പടികളുണ്ടായിരുന്നതിനാൽ കയറ്റം എളുപ്പമായിരുന്നു. മാത്രമല്ല നേരെ കുത്തനെയുള്ള കയറ്റവുമായിരുന്നില്ല. എന്നാൽ മുന്നോട്ട് പോകുതോറും യാത്ര കടുപ്പമുള്ളതായി. കുത്തനെയുള്ള വലിയ പാറയിലൂടെയായിരുന്നു മുന്നോട്ട് പോകേണ്ടിയിരുന്നത്. നടന്നുപോകാൻ സൗകര്യത്തിനായി പാറയിൽ പടികൾ കൊത്തിയെടുത്തിരുന്നു. വീഴാതിരിക്കാൻ ചിലയിടങ്ങളിൽ സപ്പോർട്ട് റെയിലിംഗുകളുണ്ടായിരുന്നു. എന്നാൽ കുറച്ച് മുന്നോട്ട് പോയപ്പോൾ പടികളോ സപ്പോർട്ട് റെയിലിം​ഗോ ഇല്ല. ഇനിയുള്ളത് ശരിക്കും അഡ്വഞ്ചർ യാത്രയാണെന്ന് പറയാം.

ഒരു സപ്പോർട്ടുമില്ലാതെ കുത്തനെയുള്ള പാറകയറുകയെന്നതാണ് ഇവിടേയ്ക്ക് വരുന്ന ഓരോ സഞ്ചാരിയുടെയും മുന്നിലുള്ള ടാസ്ക്ക്. നമ്മൾ ധരിച്ചിരിക്കുന്ന ഷൂസിന്റെ ​ഗ്രിപ്പിലാണ് ശരിക്കും യാത്രയുടെ ​ഗതിയിരിക്കുന്നത്. വളരെ സാവധാനത്തിൽ ശ്രദ്ധയോടെ സമയമെടുത്താണ് ഈ ഭാ​ഗം ഓരോരുത്തരും കടന്നത്. ഇടയ്ക്കിടെ വെള്ളം കുടിച്ച് ക്ഷീണം മാറ്റിയായിരുന്നു മുന്നോട്ടുള്ള യാത്ര.

താഴെ നിന്ന് നോക്കുമ്പോൾ ഈ പാറകൂടെ കയറിലാൽ മുകളിലെത്തുമെന്ന് തോന്നും എന്നാൽ അവിടെയെത്തുമ്പോൾ വീണ്ടും കയറാനുണ്ടെന്ന് ബോധ്യമാകും. പാറയ്ക്ക് മുകളിലൂടെയുള്ള സാഹസിക യാത്ര ഉള്ളിൽ ഭീതി ഉണർത്തിയിരുന്നെങ്കിലും ചുറ്റുമുള്ള വ്യൂ വീണ്ടും കയറാനുള്ള പ്രചോദനം നൽകും. ഓരോ ഘട്ടങ്ങളിലും ഇത്തരത്തിലുള്ള വ്യൂ കാണാൻ സൗകര്യമുള്ള തരത്തിലാണ് കോട്ടയുടെ നിർമ്മാണം.

 

ഏകദേശം രണ്ട് മണിക്കൂറെടുത്തു മധു​ഗിരി കുന്നിന് മുകളിലെത്താൻ. ചുറ്റും പച്ചപ്പും ഹരിതാഭവും നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ണിന് കുളിർമയേകും. മഞ്ഞ് കാലമായതിനാൽ ചുറ്റും മഞ്ഞ്മൂടികിടക്കുന്ന ഒരു പ്രതീതിയാണ്. ഇവിടെ നിന്ന് മധുഗിരി പട്ടണത്തിൻ്റെയും അടുത്തുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ച നമുക്ക് കാണാൻ കഴിയും. ഒരു ഭാ​ഗത്തേക്ക് നോക്കിയാൽ മുഴുവൻ കെട്ടിട സമുച്ചയങ്ങളാണ്. നിരനിരയായി പലനിറത്തിൽ അവനിരന്നു നിൽക്കുന്നത് കാണാൻ പ്രത്യേക ഭം​ഗിയുണ്ട്. കോട്ടയുടെയും ക്ഷേത്രത്തിന്റെയും അവശേഷിപ്പുകളാണ് മറ്റൊരു ആകർഷണം.

 

തിരിച്ചിറങ്ങുമ്പോൾ തോന്നും കയറ്റമാണ് എളുപ്പമെന്ന്. പടവുകളില്ലാത്ത പാറയിലൂടെ പതിയെ സൂക്ഷിച്ച് വേണം തിരികെ ഇറങ്ങാൻ. ബാലൻസ് ഒന്ന് തെറ്റിയാൽ ഉരുണ്ട് താഴെക്കിടക്കും. നല്ല ഷൂസുമായിട്ടല്ല പോയതെങ്കിൽ ചിലപ്പോൾ പണിപാളും. ബാം​ഗ്ലൂരിൽ നിന്നും ഒരു ദിവസത്തെ അവധിക്ക് പോയി വരാൻ കഴിയുന്ന ബെസ്റ്റ് ഓപ്ഷനാണ് മധു​ഗിരി.

 

 

മുൻകൂട്ടി ബുക്ക് ചെയ്യുകയോ ടിക്കറ്റ് എടുക്കുകയോ വേണ്ട മധു​ഗിരി കുന്നിൽ പ്രവേശിക്കാൻ. സർക്കാർ ഐഡി പ്രൂഫ് കെെവശം വെക്കണം. മുകളിലേക്ക് കയറാൻ പോകുന്നതിന് മുന്നേ ആവശ്യത്തിനുള്ള വെള്ളവും സ്നാക്സും കരുതണം. കുന്നിന് മുകളിൽ മറ്റിടങ്ങളിൽ ലഭിക്കുന്നത് പോലെ കടകളൊന്നുമില്ല. നല്ല ഗ്രിപ്പുള്ള ഒരു ഷൂസാണ് യാത്രയ്ക്ക് പ്രധാനമായും വേണ്ടത്.

 

ബാംഗ്ലൂരിൽ നിന്ന് മധുഗിരിയിലേക്കുള്ള ദൂരം ഏകദേശം 102 കിലോമീറ്ററും തുംകൂരിൽ നിന്ന് മധുഗിരിയിലേക്കുള്ള ദൂരം വെറും 43 കിലോമീറ്ററുമാണ്. കെഎസ്ആർടിസി, പ്രെെവറ്റ് ബസുകൾ, സ്വന്തം വാഹനങ്ങൾ എന്നിവയിൽ ഇവിടെയെത്താം. മജസ്റ്റിക്കിൽ നിന്ന് നിരവധി കെഎസ്ആർടിസി ബസുകൾ മധുഗിരിയിലൂടെ കടന്നുപോകുന്നുണ്ട്. തുംകൂർ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

Description: Let’s go on a trip to Madhugiri in Karnataka!