ജലവിനോദം ഇഷ്ടമാണെങ്കില്‍ നെല്ല്യാടിയിലേക്ക് പോരൂ, വയറും മനസും നിറയ്ക്കാം; വൈവിധ്യമാര്‍ന്ന ജലവിനോദ പരിപാടികളുമായി ലെഷര്‍ ടൂറിസം പദ്ധതിക്ക് തുടക്കം


കീഴരിയൂര്‍: നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികളിലേക്കെത്തിക്കുന്ന കോഴിക്കോട് ലെഷര്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി. ടൂറിസം രംഗത്തെ ജില്ലയിലെ തന്നെ വിപ്ലവകരമായ നേട്ടമാണ് നെല്ല്യാടി ലെഷെര്‍ടൂറിസം പദ്ധതിയെന്നും ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികള്‍ക്ക് കൗതുകകരമായ അനുഭവമായിരിക്കുമെന്നും കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷന്‍ കെ.സത്യന്‍ പറഞ്ഞു. പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ല്യാടി പാലത്തിന് സമീപം നടന്ന ചടങ്ങില്‍ ലെഷര്‍ ടൂറിസം ചെയര്‍മാന്‍ കെ.ടി.രഘു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഷിക്കാര ബോട്ട് യാത്ര, സ്പീഡ് ബോട്ട് യാത്ര, പെഡല്‍ ബോട്ട് യാത്ര, സെയ്‌ലിംഗ്, കയാക്കിങ്, കയാക്കിങ് ട്രൈനിംഗ് സെന്റര്‍, ആംഫി തിയേറ്റര്‍, മാജിക് ഷോ, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പുഴയോര റെസ്റ്റോറന്റ്, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, എക്‌സ്‌പ്ലോര്‍ കണ്ടല്‍വനം, കാവുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജല വിനോദ പരിപാടികളാണ് നെല്ല്യാടി പുഴയിലും തീരത്തുമായി ലെഷെര്‍ ടൂറിസം ഒരുക്കിയിട്ടുള്ളത്.