കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ കോടികള്‍ ലാപ്‌സായി; ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ആരോപിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്തിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്


ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനും കെടുകാര്യസ്ഥതക്കുമെതിരെ എല്‍.ഡി.എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡ്രൈവര്‍ നിയമനമുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കള്ള ഒപ്പിട്ട് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ ഭരണയന്ത്രം നിലച്ചിട്ട് മാസങ്ങളായെന്നും കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ കോടിക്കണക്കിന് രൂപയാണ് ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ലാപ്‌സായിരിക്കുന്നതെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി വികസനഫണ്ടടക്കം പഞ്ചായത്തിന്റെ വികസന സാധ്യതയാണ് യു.ഡി.എഫ് ഭരണസമിതി നശിപ്പിച്ചത്. കള്ള ഒപ്പിട്ട് ഹൈക്കോടതിയെ പോലും വെല്ലുവിളിക്കുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരായി ശക്തമായ ബഹുജന പ്രതിഷേധം ഉയരണമെന്ന് എസ്.കെസജീഷ് ആവശ്യപ്പെട്ടു.

മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത്, ആര്‍.ശശി, പി.പി രാധാകൃഷ്ണന്‍ മാസ്റ്റര്‍, അജയ് ആവള, എന്‍.കെ.വല്‍സന്‍ പി.കെ.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.എം.മൗലവി, സി.എം.ബാബു, വി.കെ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതവും സി.പി.ഗോപാലന്‍ അദ്ധ്യക്ഷതയും വഹിച്ചു. ടി.മനോജ് നന്ദി പറഞ്ഞു.