ഭൂമി തരംമാറ്റല്‍: അദാലത്തിലൂടെ കൊയിലാണ്ടി -വടകര താലൂക്കുകളിലെ 1207 അപേക്ഷകള്‍ തീര്‍പ്പാക്കി ഉത്തരവ് കൈമാറി


കോഴിക്കോട്: റവന്യൂ ഡിവിഷന്‍ ഓഫീസ് പരിധിയില്‍ തീര്‍പ്പാക്കിയത് 1254 അപേക്ഷകളും വടകര പരിധിയില്‍ 1207 ഉം
ജില്ലയില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷ നല്‍കിയവരില്‍ 2461 പേരുടെ അപേക്ഷകള്‍ അദാലത്തിലൂടെ തീര്‍പ്പാക്കി ഉത്തരവ് കൈമാറി.

കോഴിക്കോട് റവന്യു ഡിവിഷന്‍ ഓഫീസ് പരിധിയില്‍ 1254 അപേക്ഷകളും വടകര റവന്യു ഡിവിഷന്‍ ഓഫീസ് പരിധിയില്‍ 1207 അപേക്ഷകളുമാണ് വ്യാഴാഴ്ച നടന്ന രണ്ട് അദാലത്തുകളിലൂടെ തീര്‍പ്പാക്കിയത്. വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഭൂമി തരം മാറ്റം ഉത്തരവാണ് ജില്ലാ കലക്ടര്‍ കൈമാറിയത്. ടൗണ്‍ ഹാളില്‍ പ്രത്യേകം ഒരുക്കിയ 11 കൗണ്ടറുകളിലൂടെയാണ് ഉത്തരവ് വിതരണം ചെയ്തത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അര്‍ഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളില്‍ പരിഗണിച്ചത്. ഡിസംബര്‍ 31 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചു. നിലവില്‍ ഉത്തരവ് ലഭിക്കാത്തവരുടെ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്നും നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് റവന്യു ഡിവിഷനിലെ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ അദാലത്ത് രാവിലെ കോഴിക്കോട് ജൂബിലി ഹാളിലാണ് നടന്നത്. 10 കൗണ്ടറുകളിലായാണ് ഉത്തരവ് വിതരണം ചെയ്തത്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സബാസ്റ്റ്യന്‍, തഹസില്‍ദാര്‍മാരായ എം പ്രേംലാല്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എ.ഡി.എം സി. മുഹമ്മദ് റഫീഖ് സ്വാഗതവും ഭൂരേഖ തഹസില്‍ദാര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

വടകര ആര്‍ ഡി ഒ സി ബിജു അധ്യക്ഷത വഹിച്ചു. മികച്ച സേവനം കാഴ്ചവെച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ ജില്ലാ കലക്ടര്‍ അനുമോദന പത്രം കൈമാറി. തഹസില്‍ദാര്‍മാരായ സി പി മണി, കലാ ഭാസ്‌കര്‍, കെ ഷിബു, വര്‍ഗീസ് കുര്യന്‍, രേഖ എന്നിവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍ സ്വാഗതവും വടകര ആര്‍ ഡി ഒ സീനിയര്‍ സുപ്രണ്ട് അനീഷ് ശങ്കര്‍ നന്ദിയും പറഞ്ഞു.