കുറ്റ്യാടി സ്വദേശിയായ യുവതിയുടെ ആത്മഹത്യാശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍


കുറ്റ്യാടി: കുറ്റ്യാടിയില്‍ മൂന്ന് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പിതാവ് അറസ്റ്റില്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെരിങ്ങത്തൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് വേളം സ്വദേശിയായ 63 കാരനെ കുറ്റ്യാടി സി.ഐ അറസ്റ്റ് ചെയ്ത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതി തലശേരി കടപ്പുറത്ത് പോയി വിഷം കഴിക്കുകയായിരുന്നു. വിവരം വാട്‌സ്ആപ് വഴി സഹോദരിയെ അറിയിച്ചു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നം കാരണം സ്വന്തം വീട്ടിലായിരുന്ന യുവതി എട്ട് മാസം മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്താണ്.