ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞ്, ജീവന്‍രക്ഷിക്കാനായി മെഡിക്കല്‍ കോളേജിലേയ്ക്ക് പാഞ്ഞെങ്കിലും പോകും വഴി മരണം;നാടിനെ ദു:ഖത്തിലാഴ്ത്തി കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മരണം


കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍.
പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരാണ് മരിച്ചത്.

ഫുട്‌ബോള്‍ കളി കഴിഞ്ഞ് വരും വഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്ബളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ് വെെകീട്ടോടെ  കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. എന്നാല്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മുഹമ്മദ് റിസ്വാനെ ഉടന്‍ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിലൊടുവിലാണ് മുഹമ്മദ് സിനാനെ കണ്ടെത്താനായത്.