കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് 12 മീറ്ററില്‍ നിന്ന് പത്തുമീറ്റര്‍ വീതിയാക്കി ചുരുക്കി നിര്‍മ്മിക്കാനുള്ള നീക്കം വിവാദമാകുന്നു; പ്രതിഷേധവുമായി റോഡ് വികസന ആക്ഷന്‍ കമ്മിറ്റി


വടകര: വടകര-കൊയിലാണ്ടി താലൂക്കുകളെ ബന്ധിപ്പിക്കുന്ന കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് 12മീറ്ററില്‍ നിന്ന് പത്തുമീറ്റര്‍ വീതിയാക്കി ചുരുക്കി നിര്‍മ്മിക്കാനുള്ള നീക്കം വിവാദമാകുന്നു. റോഡ് പത്തുമീറ്ററില്‍ വികസിപ്പിക്കാനുള്ള നീക്കം കിഫ്ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നത്.

മേഖലയിലെ കിഫ്ബി റോഡുകളെല്ലാം 12 മീറ്ററില്‍ നിര്‍മ്മിക്കുമ്പോഴാണ് ഈ റോഡ് പത്തുമീറ്ററില്‍ ചുരുക്കി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഭാരവാഹികളുടെ ആരോപണം.


റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കായി 2017-18 വര്‍ഷത്തില്‍ കിഫ്ബി 15 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. 2020ല്‍ ഭൂമിയേറ്റെടുക്കാന്‍ പത്തുകോടി രൂപയും അനുവദിച്ചിരുന്നു. അലൈമെന്റ്‌മെന്റ് പ്രകാരം റോഡ് 12 മീറ്ററിലാണ് വികസിപ്പിക്കേണ്ടത്.

2013ലാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനത്തിനായി കോട്ടയത്തെ കേരള വളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന ഏജന്‍സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12മുതല്‍ 15 മീറ്റര്‍ വരെ വീതിയിലാണ് അലൈന്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനിടയില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ പരാതിയുമായി രംഗത്തുവരികയും നിയമനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തതാണ് ഇപ്പോള്‍ പത്തുമീറ്റര്‍ വീതിയില്‍ റോഡ് നവീകരണം എന്ന അവസ്ഥയിലേക്ക് നീങ്ങിയത്.

ഇതില്‍ പ്രതിഷേധിച്ച് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് 25ന് കോഴിക്കോട് കിഫ്ബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഹുജനങ്ങളെ അണിനിരത്തി സമരത്തിന് ഇറങ്ങുന്നതോടൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ വ്യക്തമാക്കി.